ഇനി ട്രെയിനില്‍ യാത്ര ചെയ്യാന്‍ 20 മിനിറ്റ് മുമ്പെങ്കിലും സ്റ്റേഷനില്‍ എത്തണം

1

ഇനി മുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളുടെ രീതിയിലാകുന്നു. വിമാനയാത്രയ്ക്ക് സമാനമായി ട്രെയിന്‍ യാത്രയിലും ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വേ. ഇനി യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ പൂര്‍ത്തിയാക്കണം.

ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, സിസിടിവി ക്യാമറ, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള്‍ നടത്തുക. തിരക്കുള്ള സമയങ്ങളില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന യാത്രക്കാരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കും. ഇതുകൂടാതെ മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും. കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയയാണ് ഇത്തരമൊരു സംവിധാനം.

സുരക്ഷയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലേക്ക് കടക്കാനുള്ള വഴികളും പ്രത്യേകം നിശ്ചയിക്കാനാണ് റെയില്‍വേയുടെ തീരുമാനം. . സ്റ്റേഷനിലേക്ക് കടക്കാനുള്ള ഈ വഴികളിലായിരിക്കും സുരക്ഷാ പരിശോധനകള്‍ നടക്കുക. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും സ്റ്റേഷനുകളില്‍ ഉണ്ടാകുക.

നിലവില്‍, കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ ചെക്ക് ഇന്‍ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും സുരക്ഷാ പരിശോധനകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ സുരക്ഷാ സേനയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.