2000 രൂപ നോട്ട് അച്ചടി നിർത്തി; സ്ഥിരീകരിച്ച് ആര്‍.ബി.ഐ

0

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം വിവരാവശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാമ്പത്തികവർഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആർ.ബി.ഐ. നൽകിയിരിക്കുന്ന മറുപടി.

കള്ളനോട്ട് വ്യാപകമായതിനെത്തുടർന്ന് 2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) നിർത്തിവെച്ചത്.മികച്ച രീതിയിൽ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാണെന്നും ഇത്‌ തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) വ്യക്തമാക്കിയിരുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3,542.991 മില്യൺനോട്ടുകളാണ് അച്ചടിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 111.507 മില്യൺ നോട്ടുകള്‍ അച്ചടിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46.690 മില്യൺനോട്ടുകളും അച്ചടിച്ചതായി റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് 2018-19 വർഷം 329.1 കോടി 2000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളിൽ മൂന്നുശതമാനംമാത്രമാണിത്. ഒരുവർഷംമുമ്പ് 336.3 കോടി നോട്ടുകളുണ്ടായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 6.72 ലക്ഷം കോടി രൂപയിൽനിന്ന് 6.58 ലക്ഷം കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.

ആർ.ബി.ഐ. രേഖകൾപ്രകാരം 2018-19 കാലത്ത് പുതിയ രൂപത്തിലുള്ള 500 രൂപാനോട്ടുകളുടെ എണ്ണത്തിൽ 121 ശതമാനമായിരുന്നു വർധന. 2000 രൂപയുടെ എണ്ണത്തിൽ 21.9 ശതമാനവും 21,847 കള്ളനോട്ടുകളാണ് 2000 രൂപയുടേതായി ഇക്കാലയളവിൽ പിടിച്ചെടുത്തത്. അനധികൃതമായി സൂക്ഷിക്കുന്ന കോടിക്കണക്കിനു രൂപ മൂല്യം വരുന്ന 2000 രൂപാ നോട്ട് കെട്ടുകള്‍ പലയിടത്തും പിടിക്കപ്പെടുന്നുണ്ട്.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകള്‍ കുറയുമെന്ന് ഇതിന്റെ അനുബന്ധമായി ന്യായീകരണവും ഉയര്‍ന്നുവന്നിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്ലാതായാല്‍ നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമാകുമെന്ന വിലയിരുത്തലുമുണ്ട്.അച്ചടി പുനരാരംഭിക്കാത്തപക്ഷം, ഫലത്തില്‍ 2000 ന്റെ നോട്ട് പിന്‍വലിച്ച സ്ഥിതിയാകും കാലക്രമേണയുണ്ടാവുക. 2016 നവംബര്‍ 8ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപാ നോട്ട് വിപണിയിലെത്തിച്ചത്.