സായി പല്ലവിയുമായി പ്രണയത്തിലാണോ…?; പ്രതികരണവുമായി എ എല്‍ വിജയ്

0

സായി പല്ലവിയും സംവിധായകൻ എ എൽ വിജയും പ്രണയത്തിലാണോ വിവാഹം കഴിക്കാൻ പോകുവാണോ എന്നൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പൊരിഞ്ഞ ചർച്ച വിഷയം. പ്രണയത്തിലാണെന്ന് ചില തമിഴ്-തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്തയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിജയ്. വാർത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചു.

സായി പല്ലവിയുടെ തമിഴിലെ ആദ്യ ചിത്രമായ ദിയയുടെ സംവിധായകനായിരുന്നു എ എല്‍ വിജയ്. ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായെന്നും ഇതിന് പിന്നാലെ വിവാഹിതരാകന്‍ പോകുകയാണെന്നുമായിരുന്നു തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ട്. എന്നാല്‍ ഇതെല്ലാം നിഷേധിച്ചിരിക്കുകയാണ് വിജയ്.

ജീവിതത്തിൽ വിവാഹം കഴിക്കില്ലെന്നായിരുന്നു സായി പല്ലവി മുൻപ് നൽകിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞത്. എപ്പോഴും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ്. വിബ്രി മീഡിയ നിര്‍മിക്കുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് കേന്ദ്രകഥാപാത്രമാകുന്നത്. സമുദ്രക്കനിയും തലൈവിയില്‍ അഭിനയിക്കുന്നുണ്ടെന്നും സായ്​പല്ലവിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നും സൂചനകളുണ്ട്.