7 വയസുകാരനെ മർദിച്ച കേസിൽ പ്രതിയായ അരുണ്‍, കാറില്‍ സൂക്ഷിച്ചത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെ

0

തൊടുപുഴ: തൊടുപുഴയിൽ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മർദ്ദിച്ച കേസിൽ അറസ്റ്റിലായ അരുണ്‍ ആനന്ദിന്റെ വാഹനത്തില്‍ സൂക്ഷിച്ചത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെ. ഫോറന്‍സിക് വിദഗ്ധര്‍ അരുണിന്റെ വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ കാറിനുള്ളില്‍ നിന്ന് മദ്യക്കുപ്പികളും ലഹരിവസ്തക്കളും ആയുധവും പോലീസ് കണ്ടെത്തിയത്.കൊലക്കേസിൽ അടക്കം പ്രതിയാണ് അരുൺ.

കുട്ടിയ്ക്ക് നേരെ നടന്ന മര്‍ദ്ദനത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു കാറിലെ കാഴ്ചകള്‍. ഗ്ലാസ് തകര്‍ക്കാന്‍ ഉപയോഗിക്കാന്‍ രീതിയിലുള്ള കൈക്കോടാലിയുമടക്കം വാഹനത്തില്‍ അരുണ്‍ സൂക്ഷിച്ചിരുന്നു.

കുട്ടിയുടെ നേരെ ക്രൂരമര്‍ദ്ദനം നടന്ന ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് അരുണ്‍ പൊലീസിനോട് പ്രതികരിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ നേരെ നടന്ന ക്രൂരമര്‍ദ്ദനം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണോയെന്നും പൊലീസിന് സംശയമുണ്ട്.

കാറില്‍ വച്ച് കുഞ്ഞിനെ വെട്ടിനുറുക്കാനുള്ള പദ്ധതിയിലേക്കും സൂചനകളുണ്ട്. കുട്ടിയുടെ മാതാവും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പ് നടത്തുന്നത് പ്രതിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷമാണ് ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അരുണിനൊപ്പം യുവതി താമസം തുടങ്ങിയത്.

കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 48 മണിക്കൂര്‍ അതി നിര്‍ണ്ണായകമാണ്. സര്‍ക്കാര്‍ കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. കുട്ടിക്ക് മികച്ച ചികിത്സയും ശ്രദ്ധയും ലഭിക്കാന്‍ പ്രത്യേക ഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.