സന്ദീപ് നഹറിന്റെ ഭാര്യക്കെതിരേ ആത്മഹത്യാ പ്രേരണക്കേസ്

0

മുംബൈ : യുവനടൻ സന്ദീപ് നഹർ ആത്മഹത്യചെയ്ത സംഭവത്തിൽ ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മയ്ക്കുമെതിരേ മുംബൈ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇരുവർക്കുമെതിരേ ചുമത്തിയിട്ടുള്ളത്.

എം.എസ്. ധോനി എന്ന സിനിമയിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം അഭിനയിച്ച സന്ദീപിനെ തിങ്കളാഴ്ച വൈകീട്ടാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫെയ്‌സ്ബുക്കിലിട്ട ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഭാര്യയുമായി സ്ഥിരം വഴക്കിടേണ്ടിവരാറുണ്ടെന്നും ഭാര്യയും ഭാര്യാമാതാവും ചേർന്ന് തന്റെ ജീവൻ നരകതുല്യമാക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും പേരിൽ കേസെടുത്തത്.

സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തതായി പോലീസ് അറിയിച്ചു. മൃതദേഹം പഞ്ചാബിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

‘എം.എസ്. ധോനി-ദ അൺ ടോൾഡ് സ്റ്റോറി’യിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പവും കേസരിയിൽ അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ച സന്ദീപ് കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.