സുശാന്തുമായി പ്രണയത്തിലായിരുന്നു; വിശ്വാസ്യത നഷ്ടമായപ്പോൾ പിരിഞ്ഞു; സാറയുടെ വെളിപ്പെടുത്തൽ

0

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ എൻ.സി.ബിയുടെ ചോദ്യം ചെയ്യലിൽ നടി സാറ അലി ഖാന്‍ നിർണായക വിവരങ്ങങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്.

സുശാന്തുമായി കുറച്ച് കാലം ഡേറ്റിങ്ങിൽ ആയിരുന്നുവെന്നും എന്നാൽ ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ അദ്ദേഹം വിശ്വസ്തനല്ലെന്ന് തിരിച്ചറിഞ്ഞതോടെ വേർപിരിഞ്ഞുവെന്നും സാറ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബന്ധങ്ങളിൽ സുശാന്ത് അതീവമായി പൊസെസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളിൽ തന്നെ നിർബന്ധപൂർവം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാൽ, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകി. 2019 ജനുവരിയില്‍ സുശാന്തുമായി ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിൽ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും സാറ വ്യക്തമാക്കി.

ഇരുവരും ഒരുമിച്ച് സിഗററ്റ് മാത്രമേ വലിച്ചിട്ടുള്ളുവെന്നും സാറ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. കേദാര്‍നാഥിന്റെ സെറ്റില്‍ വെച്ച് സാറയും സുശാന്തും വലിയ ഡോസില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി വെളിപ്പെടുത്തൽ നടത്തി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സാറ പറഞ്ഞു. മയക്കുമരുന്നു കേസിൽ റിയ അറസ്റ്റിലാണ്.

സുശാന്തിന്റെ ലോണാവാല ഫാം ഹൗസിൽ പതിവായി സന്ദര്‍ശിച്ചിരുന്നതായി സാറ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം. ഇരുവരും ചേർന്ന് തായ്‌ലൻഡിലേക്ക് ഒരു യാത്രപോകാനും പദ്ധതിയിട്ടിരുന്നു. സാറാ ആലിഖാൻ സുശാന്തുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികാരികൾക്ക് കൈമാറിയതായാണ് റിപ്പോർട്ട്

റിയാ ചക്രവർത്തി ബോളിവുഡിലെ ഉന്നതരെ ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോംബെ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സുശാന്ത് സിങ് രജ്പുത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വെച്ചതിനും കൈമാറ്റംചെയ്തതിനും വ്യക്തമായ തെളിവുകളുണ്ടെന്നും എൻ.സി.ബി. മേഖലാ ഡയറക്ടർ സമീർ വാങ്കഡെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.