ബാബ്റി മസ്ജിദ് തകർത്ത കേസ്: വിധി ഇന്ന്

0

ഡൽഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ ലക്നൗ സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ഇന്ന് വിധി പറയും. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവർ അടക്കം 32 പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രപേർ എത്തുമെന്ന് വ്യക്തമല്ല.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. ബാബറി മസ്ജിദ് തകർത്ത് 27 വർഷം, ഒൻപത് മാസം, 24 ദിവസം. വിധി പറയാൻ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയും കൂടിയാണ് ഇന്ന്. ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ. കുറ്റപത്രത്തിൽ ആകെ 49 പ്രതികൾ. 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികൾ.

മുൻ ഉപപ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ.

ശിവസേനാ നേതാവ് ബാൽ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, അശോക് സിംഘൽ, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വർ സാവെ. എന്നിവരാണ് കേസിനിടെ അന്തരിച്ചവർ.

2001ൽ ഗൂഡാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകര്‍ത്ത കേസിൽ വിധി വരുന്നത്.