യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന്‌ ഇന്ത്യന്‍ എംബസി

1

ജിദ്ദ ∙ സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരുന്നതിനാൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയും കുവൈത്തും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ കടക്കാനാകില്ലെന്നാണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ യാത്രാ നിബന്ധനകൾ ഇന്ത്യക്കാർ പാലിക്കണം. എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിനു മുൻപ് അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ സാമഗ്രികളും പണവും കയ്യിൽ കരുതണമെന്നും അറിയിപ്പിൽ പറയുന്നു.

സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരണമെന്നും എംബസി അറിയിച്ചു. എത്തേണ്ട രാജ്യത്തിന്റെ യാത്രനിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം.

സൗദി അനിശ്ചിതകാലത്തേക്കാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്. കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്നാണ് സൂചന. നിലവില്‍ ബഹ്‌റൈന്‍, ഒമാന്‍ മുഖേനയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍, ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ തങ്ങി മാത്രമെ സൗദിയിലേക്ക് പോകാന്‍ സാധിക്കൂ.