സൗദിയില്‍ വിദേശികളുടെ ഇഖാമകള്‍ ഓട്ടോമാറ്റിക്കായി പുതുക്കും

0

സൗദി അറേബ്യയിലുള്ള വിദേശികളുടെ ഇഖാമ (റെസിഡന്‍ഷ്യല്‍ ഐഡി) നാഷണല്‍ ഡാറ്റാ സെന്ററിന്റെ സഹകരണത്തോടെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് സൗദി പാസ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. രാജകീയ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദേശികളുടെയും ഇഖാമകളാണ് ഓട്ടോമാറ്റിക്കായി പുതുക്കുന്നത്.

ഇവരുടെ കാലാവധി അവസാനിച്ച റീ എൻട്രിയും ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മാനവ വിഭവ മന്ത്രാലയം വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയ, രാജകീയ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദേശികള്‍ക്കും ദേശീയ വിവര കേന്ദ്രവുമായി ഏകോപിപ്പിച്ച്, , അവരുടെ ഇഖാമയുടെ കാലാവധി ദീര്‍ഘിപ്പിക്കും.

കോവിഡ് കാലത്തെ ആനുകൂല്യമായി സൗദിയിൽ കഴിയുന്ന വിദേശികളുടെ കാലാവധി കഴിഞ്ഞതും കഴിയാനായതുമായ ഇഖാമ അടുത്ത മൂന്നു മാസത്തേക്ക് കൂടി പുതുക്കി നൽകുന്നുണ്ടോയെന്ന നിരവധി പേരുടെ ചോദ്യത്തിനാണ് ജവാസാത്ത് ഇങ്ങനെ മറുപടി പറഞ്ഞത്.

വിദേശികള്‍ റീഎന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും പിന്നീട് തിരിച്ചുവരാന്‍ കഴിയാതെ റീഎന്‍ട്രി വിസയും ഇഖാമയും കാലാവധി കഴിയുകയും ചെയ്താല്‍ ഫീസില്ലാതെ സൗജന്യമായി അവരുടെ ഇഖാമയും റീ എന്‍ട്രി വിസകളും പുതുക്കുവാന്‍ സൗദി ഭരണകൂടം ഉദാരമായ നിരവധി നിയമങ്ങള്‍ സ്വീകരിച്ചതായി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ വിശദീകരിച്ചു.

നാട്ടിലേക്ക് പോകാനുള്ള റീ എന്‍ട്രി വിസയോ, ഫൈനല്‍ എക്സിറ്റ് വിസയോ ഇഷ്യു ചെയ്യുകയും അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുകയും വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കും ഫീസില്ലാതെ വിസകള്‍ പുതുക്കിനല്‍കും. കൂടാതെ, സന്ദര്‍ശക വിസയില്‍ സൗദിയിലെത്തി, തിരിച്ചുപോവാന്‍ സാധിക്കാതെ വന്ന വിദേശികള്‍ക്ക് അവരുടെ വിസയുടെ കാലാവധിയും സൗജന്യമായി പുതുക്കിനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.