സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ലെന്ന് കിരീടാവകാശി

0

സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ചാനലിനു നല്‍കിയ  അഭിമുഖത്തിലാണ് സല്‍മാന്റെ പ്രതികരണം.

പുരുഷന്മാരെ പോലെ മാന്യവും ഉചിതവുമായ വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നാണ് നിയമം പറയുന്നതെന്ന് രാജകുമാരന്‍ സിബിഎസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.ശിരോവസ്ത്രം ധരിക്കാതിരിക്കാന്‍ നിയമം സ്ത്രീകള്‍ക്ക് അനുവാദം കൊടുക്കുന്നുണ്ടെന്നും ഇനി തീരുമാനം അവരുടേതാണെന്നും രാജകുമാരന്‍ പറയുന്നു. സ്ത്രീകള്‍ കുലീനമായ വസ്ത്രം ധരിക്കണമെന്നും എന്നാല്‍ ശിരോവസ്ത്രം ധരിക്കണമെന്ന് അതിന് അര്‍ത്ഥമില്ലെന്നും ഒരു മതപുരോഹിതന്‍ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. നീളമുള്ള സ്‌കര്‍ട്ടുകള്‍ക്കും ജീന്‍സുകള്‍ക്കും മുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്.

സമീപ കാലത്തായി പരമ്പരാഗതമായ കറുത്ത ശിരോവസ്ത്രം ഉപേക്ഷിച്ച് സൗദിയിലെ സ്ത്രീകള്‍ പല നിറങ്ങളിലുള്ള ശിരോവസത്രങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. നീല, പിങ്ക് നിറങ്ങളിലുള്ള ശിരോവസ്ത്രങ്ങളാണ് ഇപ്പോള്‍ പൊതുവെ കണ്ട് വരുന്നത്. ഏത് നിറത്തിലുള്ള ശിരോവസ്ത്രം ഉപയോഗിക്കാമെന്നതും സ്ത്രീകളുടെ ഇഷ്ടമാണെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി തിയേറ്ററുകളിലും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്.