കോൺഗ്രസ് അദ്ധ്യക്ഷനാകാൻ ഗെലോട്ടും തരൂരും

0

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍-അശോക് ഗെലോട്ട് മത്സരത്തിന് കളമൊരുങ്ങുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ മാസം 26 ന് പത്രിക നൽകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിതോടെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരത്തിലേക്ക് നീങ്ങുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സമവായമല്ല മത്സരം തന്നെ നടക്കുമെന്ന് വ്യക്തമാകുന്നു. അവസാന ചിത്രം തെളിയുമ്പോള്‍ അശോക് ഗലോട്ടും തരൂരും മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലെങ്കില്‍ മത്സരിക്കുന്നതിന് ശശി തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയുമായി തരൂര്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ മത്സരത്തിന് അനുമതി നല്‍കിയെന്നാണ് വിവരം. ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തില്ലെന്നും കൂടിക്കാഴ്ചയില്‍ സോണിയ വ്യക്തമാക്കിയതായാണ് അറിയുന്നത്. ഗ്രൂപ്പ് 23ന്‍റെ ലേബലില്ല മറിച്ച് പൊതുസമ്മതനെന്ന നിലക്ക് മത്സരിക്കാനാണ് ശശി തരൂരിന് താല്‍പര്യം. പല നേതാക്കളോടും തരൂര്‍ പിന്തുണ തേടിയതായും സൂചനയുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനോട് അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അശോക് ഗലോട്ട് സമ്മതമറിയിച്ചിരുന്നില്ല. ഇപ്പോള്‍ ശശി തരൂര്‍ മുന്‍പോട്ട് വന്ന സാഹചര്യത്തില്‍ 26ന് ഗലോട്ട് പത്രിക നല്‍കുമെന്നാണ് സൂചന. ഇതിനിടെ പല സംസ്ഥാന ഘടകങ്ങളും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കെത്തണമെന്ന പ്രമേയം പാസാക്കുന്നുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, യുപി, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര പിസിസികള്‍ രാഹുല്‍ ഗാന്ധിക്കായി മുറവിളി കൂട്ടുകയാണ്. പിസിസികള്‍ക്ക് പ്രമേയം പാസാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തെരഞ്ഞെടുപ്പ് നടപടികളെ അത് ബാധിക്കില്ലെന്നുമാണ് നേതൃത്വത്തിന്‍റെ പ്രതികരണം.