ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി ബെർലുസ്കോണി അന്തരിച്ചു

0

മിലാൻ: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും ശതകോടീശ്വരനും മാധ്യമ ഉടമയുമായ സിൽവിയോ ബെർലുസ്കോണി (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (4 തവണയായി 9 വർഷം) ഭരിച്ച ഇദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയ പാർട്ടി, ഇപ്പോഴത്തെ പ്രധാനമന്ത്രി ജോർജ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ പങ്കാളിയാണ്. ഒരുകാലത്ത് ഇറ്റലിയിലെ ഏറ്റവും സമ്പന്നനായിരുന്ന ബെർലുസ്കോണിക്ക് 500 കോടി ഡോളർ ആസ്തിയുണ്ട്. പ്രശസ്ത ഫുട്ബോൾ ക്ലബായ എസി മിലാന്റെ മുൻഉടമ കൂടിയാണ്.

എക്കാലവും വിവാദനായകനായിരുന്നു അദ്ദേഹം. 1980 കളിൽ ടെലിവിഷൻ സാമ്രാജ്യം കെട്ടിപ്പടുത്തതിനുശേഷം 1994 ൽ ആണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ആ വർഷം തന്നെ പ്രധാനമന്ത്രിയായി. തുടർന്ന് 3 തവണ കൂടി രാജ്യം ഭരിച്ചു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളായതിനെ തുടർന്നാണ് 2011ൽ രാജിവച്ചത്. 2013 ൽ നികുതി വെട്ടിപ്പിന് ശിക്ഷിക്കപ്പെട്ടു. ഔദ്യോഗിക പദവി വഹിക്കുന്നതിന് 5 വർഷത്തെ വിലക്കുമുണ്ടായി.

വിഭാഗീയ നയങ്ങളുടെയും മോശം പരാമർശങ്ങളുടെയും പേരിൽ കുപ്രസിദ്ധി നേടിയ ബെർലുസ്കോണി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത സുഹൃത്തെന്ന നിലയിലും വിമർശനം ഏറ്റുവാങ്ങി. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷവും തുടർന്ന സൗഹൃദം ഏറെ വിമർശിക്കപ്പെട്ടു.

മിലാനിലെ കൊട്ടാരസമാനമായ വീട്ടിൽ പെൺകുട്ടികളുടെ നഗ്നനൃത്തം നടത്തുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തുവെന്ന കേസിൽ 7 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. 2013 ലുണ്ടായ ഈ കേസിൽനിന്ന് രക്ഷപ്പെടാൻ സാക്ഷികൾക്കു പണം നൽകിയെന്ന ആരോപണത്തിലും വിചാരണ നേരിട്ടെങ്കിലും കോടതി കുറ്റവിമുക്തനാക്കി. 2 ഭാര്യമാരിലായി 5 മക്കളുണ്ട്.