യുപിയിൽ ജയിൽ മോചിതനായി ആറ് ആഴ്ചയ്ക്ക് ശേഷം സിദ്ദീഖ് കാപ്പൻ കേരളത്തിലെത്തി

0

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ കരിപ്പൂരിൽ എത്തി. കുടുംബാംഗങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ സിദ്ദിഖ് കാപ്പാനെ സ്വീകരിച്ചു. ജയിൽ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകൾ പ്രകാരം ആറു ആഴ്ചക്കാലം ദില്ലിയിൽ തങ്ങുകയായിരുന്നു കാപ്പൻ.

27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും നന്ദിയറിയിച്ചിരുന്നു.

‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല. തനിക്കൊപ്പം ജയിലിലായവർക്കും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ നിലയിൽ നീതി നടപ്പായെന്ന് പറയാനാകില്ലെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.

റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ദില്ലിയിൽ തങ്ങുകയായിരുന്നു. ആറ് ആഴ്ചക്ക് ശേഷമണ് കേരളത്തിലേക്ക് മടങ്ങുന്നത്.

ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്.