ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളിലെ വിഷാദരോഗ സാധ്യത വർധിപ്പിക്കും: പഠനം

0

പുരുഷന്മാരെ അപേക്ഷിച്ച്‌ വിഷാദരോഗം, ഉത്‌കണ്‌ഠ, പോസ്‌റ്റ്‌ ട്രോമാറ്റിക്‌ സ്‌ട്രെസ് ഡിസോർഡര്‍ (പിടിഎസ്‌ഡി – ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളിലെ വിഷാദരോഗം (Post-traumatic Stress Disorder (PTSD)) പോലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്‌ സ്‌ത്രീകളിലാണ്‌. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, വന്ധ്യത, ഗര്‍ഭം അലസല്‍, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങി അതിനു കാരണങ്ങള്‍ പലതാണ്‌. ഗര്‍ഭനിരോധന മരുന്നുകളുടെ (Contraceptive Pills) ഉപയോഗവും സ്‌ത്രീകളിലെ വിഷാദരോഗ സാധ്യത വർധിപ്പിക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഗര്‍ഭനിരോധന മരുന്നുകള്‍ മാനസികാരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം കൂടുതല്‍ കൗമാരക്കാരിലാണ്‌ നിരീക്ഷിച്ചതെന്നും ഉപ്‌സാല സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. കൗമാരത്തില്‍ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്ന സ്‌ത്രീകള്‍ക്ക്‌ വിഷാദരോഗ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ശേഷം ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിച്ചവരില്‍ വിഷാദരോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ 92 ശതമാനം അധികമാണ്‌. കൗമാരക്കാരില്‍ രോഗസാധ്യത വർധിപ്പിക്കുന്നത്‌ പ്രായപൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണല്‍ മാറ്റങ്ങളാണ്‌.

ആസൂത്രണം ചെയ്യാത്ത ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കാനും അണ്ഡാശയ, ഗര്‍ഭപാത്ര അര്‍ബുദങ്ങള്‍ തടയാനും ഗര്‍ഭനിരോധന മരുന്നുകള്‍ സഹായകമാണ്‌. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളും കൂടി സ്‌ത്രീകള്‍ കരുതിയിരിക്കണമെന്ന്‌ ഗവേഷകര്‍ പറയുന്നു. മാനസിക നിലയിലും മൂഡിലും ഇത്തരം മരുന്നുകള്‍ വരുത്തുന്ന മാറ്റങ്ങളെപ്പറ്റി സ്‌ത്രീകള്‍ അറിഞ്ഞിരിക്കണമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു. പ്രൊജസ്‌ട്രോണും ഈസ്‌ട്രജനും അടങ്ങിയ സംയുക്ത ഗര്‍ഭധാരണ മരുന്നുകളാണ്‌ ഗവേഷണ വിധേയമാക്കിയത്‌. മിനി പില്ലുകള്‍, ഗര്‍ഭനിരോധ പാച്ചുകള്‍, ഹോര്‍മോണല്‍ സ്‌പൈറലുകള്‍, വജൈനല്‍ റിങ്ങുകള്‍, ഗര്‍ഭനിരോധന റോഡുകള്‍ തുടങ്ങിയവയൊന്നും ഗവേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല .