പ്രൗഢിയുടെ കൈപിടിച്ച്…പഴമയിലൂടൊരു യാത്ര …

0

പടിപ്പുരയും കുളവും തറവാടുമെല്ലാം നമ്മുടെ ഗൃഹാതുരുത്വ സ്മരണകളാണ്… കാലം എത്രതന്നെ മുന്നോട്ട് പോയാലും ഈ കാഴ്ചകളെന്നും മനസിന് കുളിർമയേകുന്നവയാണ് അത്തരത്തിലൊരിടമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ നടേരി അംശം ദേശത്തെ ആഴവിൽ തറവാടും കരിയാത്തന്‍ ക്ഷേത്രസന്നിധിയും…ഒരു നായർ പരമ്പര തറവാടായിട്ടാണ് ആഴവിൽ സ്ഥിതി ചെയ്യുന്നത്. നാടുവാഴികളും നാട്ടുരാജ്യങ്ങളും ചരിത്രമായികഴിഞ്ഞെങ്കിലും ഈ തറവാട്ടുമുറ്റത്തെത്തുമ്പോൾ കാരണവർമാരും, നാട്ടുരാജാക്കളും ഇവിടത്തെ പടിപ്പുരയിലും പൂമുഖത്തുമൊക്കെയായി ഇരിക്കുന്നുണ്ടെന്ന് അറിയാതെ തോന്നിപോകും. ഇടവഴികളിൽ അവരുടെ കാലൊച്ചയെക്കായി അറിയാതെ ചെവിയോർത്തു പോകും…


അമ്പലകുളം


അമ്പലങ്ങളും തറവാടുകളും കോൺക്രീറ്റ് കെട്ടിടങ്ങൾക്കും…ആധുനിക സംസ്കാരങ്ങൾക്കും വഴിമാറുമ്പോൾ മണ്‍കട്ടകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ ആഴവിൽ തറവാട് സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പര്യായം തന്നെയാണെന്ന് പറയാം. നാലറ്റവും കൽപടികളാൽ ചുറ്റപ്പെട്ട കുളം കടന്നു നടന്നാൽ കുറച്ചകലെയായി പടിപ്പുര കാണാം… പടിപ്പുര കടന്നാൽ പിന്നെ വിശാലമായ മുറ്റമാണ് മുറ്റത്തിന്‍റെ ഒരു വശത്തായി ഊട്ടുപുരകാണാം ഇതെല്ലം താണ്ടി മുന്നോട്ട് നടന്നാൽ മണ്‍കട്ടകൊണ്ടുണ്ടാക്കിയ തറവാട് പുര മണ്ണ് തേച്ച് മിനുക്കിയ ചുറ്റുമതിൽ ചാണകം മെഴുകിയ നിലം അങ്ങനെ പരിഷ്‌ക്കാരങ്ങളൊന്നും തൊട്ടു തീണ്ടാത്ത ആഴവിൽ തറവാട് സകല പ്രൗഡിയോടെയും അങ്ങനെ നിൽക്കുന്നത് കാണാം.

പടിപ്പുര

ഉദ്ദേശം 2500 വർഷത്തോളം പഴക്കമുണ്ടത്രെ ഈ തറവാടിന്. വെളിയന്നൂർ ദേശത്തെ നാടുവാഴി തമ്പ്രാക്കളുടെ അധീനതയിൽ പെട്ടതാണീ തറവാട്ട്. നടേരി ഭാഗത്ത് അവശേഷിക്കുന്ന ഏക ഓലപ്പുരയാണ് ആഴാവില്‍ തറവാട്. ഇവിടെത്തെ മറ്റൊരു സവിശേഷതയെന്നു പറഞ്ഞാൽ തറവാട്ടു മുട്ടത്തോട് ചേർന്നുകിടക്കുന്ന കരിയാത്തൻ ക്ഷേത്രവും, ഉത്സവാഘോഷങ്ങളുമാണ്.

ഊട്ടുപുര

മലദൈവമായ കരിയാത്തനാണ് ഇവിടത്തെ ആരാധനാ മൂര്‍ത്തി. ഒരു പെൺകുട്ടിയുടെ സംരക്ഷണാർത്ഥം വയനാട്ടിൽ നിന്നും ആ കുട്ടിയേയും കൊണ്ട് ഈ പ്രദേശത്ത് കരിയാത്തൻ താമസമാക്കിയെന്നാണ് ഇവിടത്തുക്കാരുടെ വിശ്വാസം. ഈ വിശ്വാസമനുസരിച്ച് കർക്കിടകമാസം മൊഴികെയുള്ള എല്ലാ കാലത്തും ഇവിടെ പൂജാദികർമങ്ങളും വെള്ളാട്ടുമുണ്ടായിരിക്കണമെന്നാണ് കീഴ്വഴക്കം. വെള്ളാട്ടിനും തിറയ്‌ക്കുമായി വെളിയണ്ണൂർ, നടേരി എന്നീ അംശം ദേശത്തുള്ള പെരുവണ്ണാൻ മാരെയാണ് നാടുവാഴികൾ നിയോഗിച്ചിട്ടുള്ളത്. ഉത്സവ നാളുകളില്‍ വയനാട് പോലുള്ള സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ പേരെത്തും.


മണ്‍കട്ടകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ തറവാട് പുരയും
കരിയാത്തൻ ക്ഷേത്രവും

തറവാട്ടിലെ ഭസ്മ തട്ടും കൽവിളക്കും കുത്തുവിളക്കുമുള്ള പൂമുഖവും, മച്ചിട്ട അകത്തളങ്ങളും ചാണകം മെഴുകിയ നിലവും മൺ ചുമരുകളുമെല്ലാം പഴമയുടെ സൗന്ദര്യം അങ്ങനെതന്നെ നിലനിർത്തുന്നു. പുരാതനമായ ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിനോടനുബന്ധിച്ചുളള തറവാട് വീട് കെട്ടിമേയല്‍ നാടിന്‍റെ ആഘോഷമാണ്. ഓല, പനയോല, വൈക്കോല്‍ എന്നിവ ഉപയോഗിച്ചാണ് എല്ലാ വര്‍ഷവും ഈ പഴയ മണ്‍വീട് കെട്ടി മേയുക. നൂറുകണക്കിനാളുകള്‍ ശ്രമദാനമായിട്ടാണ് പുരകെട്ടിമേയുന്ന പണിയിലേര്‍പ്പെടുക. ഇവര്‍ക്ക് ചക്കപ്പുഴുക്കും കഞ്ഞിയുമാണ് ഭക്ഷണം. വെള്ളാട്ട് ദിവസം കടലപ്പുഴുക്കും പപ്പടവും, ചായയുമാണ് വൈകുന്നേരങ്ങളിലെ ഭക്ഷണം. സഹായിക്കാന്‍ പ്രദേശവാസികളുമുണ്ടാകും.

ഭസ്മ തട്ട്
കാരണവരുടെ പ്രതിഷ്ഠ

ഈ പഴയ തറവാട് വീടിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് കെട്ടിടം പണിയാന്‍ ക്ഷേത്രകമ്മിറ്റിക്കും ഭക്തര്‍ക്കും വലിയ പ്രയാസമൊന്നുമില്ല. എന്നാല്‍ ഈ വീട് തനിമയോടെ ഇതേ രീതിയില്‍ നില്‍ക്കണമെന്ന് ദൈവപ്രശ്‌നത്തിലും മറ്റും കണ്ടിരുന്നു. അതുകൊണ്ട് എത്ര സാഹസപ്പെട്ടാലും ഈ പുരാതന വീട് ഇതേ രീതിയില്‍ തന്നെ സംരക്ഷിച്ചുനിര്‍ത്തുമെന്ന ദൃഢനിശ്ചയത്തിലാണ് കാരണവരുടെ നേതൃത്വത്തിലുള്ള ഒരു കുടുംബ ട്രസ്റ്റും മറ്റു ഭാരവാഹികളും.

മച്ചിട്ട അകത്തളങ്ങളും ചാണകം മെഴുകിയ നിലവും

800 ഓലമടല്‍, 50 പനയോല, 500 കറ്റ വൈക്കോല്‍ എന്നിവയാണ് പുര കെട്ടി മേയാന്‍ വേണ്ടിവരിക.മകര പുത്തരിക്ക് ശേഷമുള്ള ശനി, ഞായര്‍ ദിവസങ്ങളിലാണ് എല്ലാവര്‍ഷവും പുര കെട്ടിമേയുക.

വീട്ടിനുള്ളില്‍ കാരണവരുടെ പ്രതിഷ്ഠയുണ്ട്. അതിനായി തറവാട്ടിൽ ഒരു മുറി തന്നെയുണ്ട് വിശേഷ ദിവസങ്ങളിലെ ഈ മുറി തുറക്കുകയുള്ളു. ചിത്രപ്പണികളുള്ള വാതിലും മണിചിത്രപൂട്ടും കുത്തുവിളക്കുകളുമുണ്ട് കാരണവരുടെ മുറിക്ക്. കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് ഇവിടെ ഇപ്പഴും നിലനിന്നു പോകുന്നത് എന്നാൽ അമ്പലം അടുത്തുള്ളതുകൊണ്ട് സ്ത്രീജനങ്ങൾക്ക് ഇവിടെ സ്ഥിരതാമസം പറ്റാത്തതിനാൽ ഉത്സവക്കാലത്തും വിശേഷദിവസങ്ങളിലുമേ തറവാട്ടിലുള്ള എല്ലാവരും ഇവിടെ താമസമാക്കുള്ളു. ഈ താവഴി കൂട്ടുകൂടുംബ വ്യവസ്ഥിതിക്ക് മറ്റൊരു പ്രത്യേകതയുണ്ട് ഈ കുടുംബത്തിലെ ഒരംഗത്തിനു സ്വന്തമായി സ്വത്തോ വീടോ ഒന്നുമില്ലെങ്കിൽ അവർക്ക് ഈ തറവാട്ടിൽ കഴിയാവുന്നതാണ്. ഇത് തറവാട്ടിലെ എല്ലാവരുടെയും പൊതു സ്വത്താണ്. ഈ പുരാതന മണ്‍വീട് കാണാന്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഉത്സവ നാളുകളില്‍ ധാരാളം പേര്‍ എത്തും. വയനാട്ടിൽ നിന്നാണ് കൂടുതൽ പേരെത്തുക.

പുര കെട്ടിമേയുന്നു

കാര്‍ഷിക പ്രധാന്യമുള്ള ഗ്രാമീണക്ഷേത്രമാകയാല്‍ കന്നിപുത്തരി, മകരപുത്തരി, പുരകെട്ട്, മണ്ഡലകാലവിളക്കുകള്‍, ഉത്സവം എന്നിവ പാരമ്പര്യ വ്രതാനുഷ്ഠാനങ്ങളോടെ ഭക്ത്യാദരപൂര്‍വ്വമാണ് കൊണ്ടാടപ്പെടുന്നത്. വര്‍ണാഭമായ തിറയാട്ടങ്ങള്‍, പ്രധാനദിനങ്ങളിലെ അന്നദാനം, പരിചകളി മുതലായ പാരമ്പര്യ കലകള്‍, തോറ്റം പാട്ടുകള്‍, ചെണ്ടമേളം, കതിന, കരിമരുന്ന് പ്രയോഗങ്ങള്‍ അടങ്ങിയ ഉത്സവങ്ങളും ഇവിടെ അരങ്ങേറുന്നു.

കടലപ്പുഴുക്കും പപ്പടവും

പ്രകൃതിയോടിണങ്ങിയ ഗതകാല ജീവിതത്തിന്‍റെ ഇന്ന് നിലനിര്‍ത്തിയിരിക്കുന്ന പ്രൗഢമായ പൈതൃകമാണ് ഈ തറവാട്. ഓലമേഞ്ഞ ഈ നാലുകെട്ടും വിശാലമായ മുറ്റവും അമ്പലവും ആൽത്തറയുമെല്ലാം പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയുടെ നടുവിലായി തലയുയർത്തിയങ്ങനെ നിൽക്കുന്നു. പഴയ കുടുംബങ്ങളും , തറവാടുകളും നാമാവശേഷമാകുന്ന ഈ കാലഘട്ടത്ത്‌ ഇവിടന്നു പടിപ്പുരയുടെ പടിയിറങ്ങുമ്പോഴും കരിയാത്തനും, ഓലമേഞ്ഞ നാലുകെട്ടും, ഇവിടത്തെ ഇളം കാറ്റും മനസിലങ്ങനെ മായാതെ കിടക്കുന്നുണ്ടായിരുന്നു.

ഇപ്പഴത്തെ കാരണവർ
ആഴാവില്‍ തറവാട്.