ഡാന്‍സ് ബാര്‍: നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി ഇളവ്

0

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സുപ്രീംകോടതി ഉത്തരവ്. ഹോട്ടലുടമകളും നര്‍ത്തകികളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി 2016 ലെ വിധിയില്‍ ഭേദഗതി വരുത്തിയത്. സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഡാന്‍സ് ബാറുകളില്‍ സിസിടിവി നിര്‍ബന്ധമാക്കിയ ഉത്തരവ് കോടതി റദ്ദാക്കി. സിസി ടിവി നിര്‍ബന്ധമാക്കുന്ന നടപടി സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന വ്യവസ്ഥ കോടതി റദ്ധാക്കി. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി. നര്‍ത്തികമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മഹാരാഷട്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.