‘താഴെ കിടക്കുന്നത് എന്റെ ഹൃദയമാണ്’; ഉദ്യോഗസ്ഥയായ അമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

0

ഉദ്യോഗസ്ഥരായ അമ്മമാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ പലപ്പോഴും ആരും അറിയാറില്ല. അറിയാന്‍ പലപ്പോഴും ശ്രമിക്കാറുമില്ല.ഇപ്പോള്‍ ഇത് പറയാന്‍ കാരണം  പൂനെയിലെ ഒരു അമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ ആണ് .

കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അസുഖം വന്നാലോ,എന്തിനു  പനിച്ചു കിടന്നാല്‍ പോലും അവധിയെടുത്തു വീട്ടിലിരുന്നു കുഞ്ഞിനെ നോക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് സാധിക്കാറില്ല .ഇത്തരം സാഹചര്യങ്ങളില്‍ കൂടി ഒരിക്കലെങ്കിലും കടന്നു പോകാത്തവര്‍ ചുരുക്കം . ഇത്തരത്തില്‍ തന്റെ നിസ്സഹായവസ്ഥ ചൂണ്ടികാട്ടി ഒരു ഉദ്യോഗസ്ഥയായ അമ്മ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പൂനെയിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയായ സ്വാതി ചിറ്റാല്‍ക്കര്‍ ഈ മാസം 16നാണ് പോസ്റ്റിട്ടത്. പനി ബാധിച്ച തന്റെ 3 വയസ്സുകാരനായ മകന്‍ പുരുഷോത്തം സിംഗുമായാണ് സ്വാതി കഴിഞ്ഞ ദിവസം പൂനെയില്‍ ഉള്ള സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ ജോലിക്കെത്തിയത്.പനി പിടിച്ച കുഞ്ഞു അമ്മക്കൊപ്പം മാത്രമേ നില്‍ക്കൂ എന്ന് വാശി പിടിച്ചപ്പോള്‍ സ്വാതിക്ക് വേറെ വഴിയില്ലായിരുന്നു. മകനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാന്‍ ആ അമ്മയ്ക്കും ആയില്ല .ഈ സാഹചര്യത്തിലാണ് മൂന്നുവയസുകാരനായ മകനെയും കൂട്ടി സ്വാതി ഓഫീസിലേക്കെത്തിയത്. ഓഫീസില്‍ തന്റെ സീറ്റിനു പിന്നിലായി നിലത്തു തലയിണ വച്ച്, കയ്യില്‍ പാല്‍ കുപ്പിയുമായി മകനെ കിടത്തി സ്വാതി ജോലി തുടര്‍ന്നു.

വയ്യാത്ത കുഞ്ഞിനേയും കൊണ്ട് ഓഫീസില്‍ വന്നിരുന്ന് ജോലി ചെയ്യേണ്ടി വന്ന തന്റെ ദുരവസ്ഥ കാണിച്ചു കൊണ്ട് ചിത്രമടക്കം ഫേസ്ബുക്കില്‍ തന്റെ അവസ്ഥ പോസ്റ്റ് ചെയ്യുകയായിരുന്നു. ” താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, എന്റെ ഹൃദയമാണ്. പനിബാധിച്ച എന്റെ മകന്‍ വിട്ടു നില്‍ക്കാന്‍ സമ്മതിച്ചില്ല. ഹാഫ് ഡേ ലീവ് കഴിഞ്ഞതിനാലും അത്യാവശ്യമായി ചില ലോണുകള്‍ പാസാക്കേണ്ടതിനാലും എനിക്ക് ഓഫീസില്‍ വരേണ്ടതായി വന്നു. എന്നാല്‍ എനിക്ക് എന്റെ രണ്ടു ചുമതലകളും ഒരേ സമയം നിറവേറ്റാന്‍ കഴിഞ്ഞു. അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായി ഞാന്‍ ഈ സന്ദേശം സമര്‍പ്പിക്കുന്നു” സ്വാതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ്‌ നിമിഷങ്ങള്‍ക്കകം വൈറലായി .ആയിരക്കണക്കിന് ആളുകളാണ് പോസ്റ്റ്‌ ഇതിനോടകം ഷെയര്‍ ചെയ്തത്..കൂടുതലും സ്ത്രീകള്‍ ..കാരണം എല്ലാ അമ്മമാര്‍ക്കും അറിയാം സ്വന്തം കുഞ്ഞു എത്ര വിലപെട്ടതാണെന്ന്.