ടി20 ലോകകപ്പ്: ഇംഗ്ലണ്ട് സെമിയില്‍

0

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ . ശ്രീലങ്കയെ 26 റണ്‍സിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി.

ജോസ് ബട്‌ലറുടെ പ്രകടനത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് തുടക്കം പാളി. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്ക ഫെര്‍ണാണ്ടോയും ഭാനുക രജപക്സെയും ചേര്‍ന്ന് 50 കടത്തിയെങ്കിലും ക്രിസ് ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു.

76-5ലേക്ക് തകര്‍ന്ന ലങ്കക്ക് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയതാണ്. ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പന്തില്‍ ഹസരങ്കയെ(21 പന്തില്‍ 34) ജേസണ്‍ റോയിയും പകരക്കാരന്‍ ഫീല്‍ഡര്‍ സാം ബില്ലിംഗ്സും ചേര്‍ന്ന് ഒത്തുപിടിച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.

തുടര്‍ച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ മൂന്നാം തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങി. ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ മോര്‍ഗന്‍റെ 43-ാം ജയമാണിത്.