കാബൂളിൻ്റെ വീഴ്ച… ഇനിയെന്ത്?

0

താലിബാൻ സേനയുടെ അഫ്ഗാനിസ്ഥാനിലെ മുന്നേറ്റം ലോക രാഷ്ട്രങ്ങൾക്കിടയിൽ ആശങ്കയും അതേ പോലെ അമ്പരപ്പും സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കൻ സൈന്യത്തിൻ്റെ പതശീലനം ലഭിച്ച മൂന്ന് ലക്ഷം അഫ്ഗാൻ പട്ടാളക്കാർക്ക് താലിബാൻ സേനയുടെ മുന്നേറ്റത്തെ ചെറുത്ത് നിൽക്കാൻ പോലും കഴിഞ്ഞില്ലെന്നറിയുമ്പോൾ പുറത്ത് പ്രകടിപ്പിക്കുന്നില്ലെങ്കിലും അമേരിക്ക പോലും ശരിക്കും ഞെട്ടിപ്പോയിട്ടുണ്ട്. ബൃഹത്തായ ചാരശൃംഖലകൾ പ്രവർത്തിക്കുന്ന അഫ്ഗാനിസ്ഥാനിൽ താലിബാൻ സേനയുടെ മുന്നേറ്റം അവിശ്വസനീയമാം വിധം യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു.

കാബൂളിൻ്റെ വീഴ്ചയോട് കൂടി അഫ്ഗാനിസ്ഥാനിലെ സാധാരണ ജനത ചരിത്രത്തിലെ മറ്റൊരു വലിയ പലായനത്തിൻ്റെ മാർഗ്ഗത്തിലാണ്. ദുഖകരമായ കാഴ്ചകളാണ് ലോകം ദർശിച്ചു കൊണ്ടിരിക്കുന്നത് ‘ എങ്ങോട്ടെന്നറിയാതെ രാജ്യം വിടാനുള്ള അഫ്ഗാൻ ജനതയുടെ തിടുക്കം ഏതെങ്കിലും തരത്തിൽ രക്ഷപ്പെടാനുള്ള ഒരു ജനതയുടെ അവസാനത്തെ മാർഗ്ഗമായി തന്നെ കാണേണ്ടതുണ്ട്. വിമാനത്തിൽ കയറിപ്പറ്റാൻ കഴിയാതെ വിമാനത്തിൻ്റെ ടയറിൽ തൂങ്ങിപ്പിടിച്ച യാത്രക്കാർ വീണു മരിക്കുന്ന കാഴ്ച നൊമ്പരമുണ്ടാക്കുന്നത് തന്നെയാണ്.അഫ്ഗാൻ ജനത ഭീതിയിലാണ്. പരിഭ്രാന്തരാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഇന്ന് ഒരു യാഥാർത്ഥ്യമാണ്.

ലോകത്തിലെ ചില രാജ്യങ്ങൾ ഈ ഭരണകൂടത്തെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈന, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾ പുതിയ താലിബാൻ ഭരണത്തെ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഇത് ദക്ഷിണേഷ്യയിലെ രാഷ്ടീയ സംഭവ വികാസങ്ങളെ എങ്ങനെയാണ് ബാധിക്കുകയെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

ഏറ്റവും കൂടുതൽ കരുതലോടെ നീങ്ങേണ്ടത് ഇന്ത്യ തന്നെയാണ്. ഇന്ത്യൻ എംബസ്സിയിലെ ജീവനാക്കാരെല്ലാം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പൗരാണികമായ ഒന്നാണ്. എങ്കിലും പുതിയ താലിബാൻ ഭരണകൂടത്തെ പെട്ടെന്ന് അംഗീകരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തോന്നുന്നില്ല. ബുദ്ധിപരമായ സമീപനവും വീക്ഷണവുമാണ് ഇന്ത്യ പ്രകടിപ്പിക്കേണ്ടത്. അടുത്ത അയൽ രാജ്യത്തിലെ അസ്വസ്ഥതകളെ അവഗണിക്കാനോ അതിൽ ഇടപെടാനോ കഴിയാത്ത രാഷ്ട്രീയ അവസ്ഥയിലാണ് ഇന്ത്യ’. കാത്തിരുന്നു കാണുകയേ നിർവ്വാഹമുള്ളൂ.