പ്രത്യേക വിമാനത്തിൽ തിരിച്ചുപോകാനെത്തിയപ്പോൾ പേരില്ല; തിരുച്ചിറപ്പള്ളിയിൽ മലേഷ്യൻ ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ കുടുങ്ങിയ മലേഷ്യൻ സ്വദേശികളെ തിരിച്ചെത്തിക്കാന്‍ മലേഷ്യയിൽനിന്നെത്തിയ പ്രത്യേക വിമാനത്തിൽ മടങ്ങാൻ തയ്യാറായിനിൽക്കെ, യാത്രക്കാരുടെ പട്ടികയിൽ പേരില്ലെന്നറിഞ്ഞ് ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സംഭവത്തെ തുടർന്ന് അധികൃതർ ഇടപെട്ട് ഇവർക്ക് വിമാനത്തിൽ സീറ്റനുവദിച്ചു. സ്വദേശികളായ സുബ്രഹ്മണ്യൻ (65), ലളിത (55) എന്നിവരാണ് പേരില്ലെന്നുകണ്ട് കൈയിലുണ്ടായിരുന്ന ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻതന്നെ ഇരുവരെയും വിമാനത്താവളത്തിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി.

തമിഴ്‌നാട്ടിൽ കുടുങ്ങിയ മലേഷ്യൻ സ്വദേശികളെ തിരിച്ചെത്തിക്കാന്‍ തയ്യാറാക്കിയ തിരുച്ചിറപ്പള്ളിയിൽ നിന്നും മലേഷ്യയ്ക്ക് പ്രത്യേക സൗജന്യ വിമാനത്തിൽ മടങ്ങാനായാണ് ദമ്പതിമാർ വിമാനത്താവളത്തിലെത്തിയത്. പട്ടികയിൽ പേരില്ലാത്തതു സംബന്ധിച്ച് ഇവർ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്.

തുടർന്ന് അധികൃതർ വിമാനക്കമ്പനിയുമായി സംസാരിച്ചശേഷം ഇരുവർക്കും സീറ്റ് അനുവദിച്ച് മടക്കിയയക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരെയുമായി തിരുച്ചിറപ്പള്ളിയിൽനിന്ന് മലേഷ്യയിലേക്ക് പോയത്.

തമിഴ് വംശജരായ മലേഷ്യൻ സ്വദേശികൾ ഇന്ത്യയില്‍ കുടുങ്ങിയിട്ട് ദിവസങ്ങളായി. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലായി കുട്ടികൾ അടക്കം മുന്നൂറിലധികം ആളുകൾ കുടുങ്ങിയത്. ഇതേതുടർന്ന് പെരമ്പലൂർ എം.പി പാരിവേന്ദർ കേന്ദ്രത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മലേഷ്യന്‍ വിമാനത്തിന് പ്രത്യേക സർവീസിനുള്ള അനുമതി നൽകിയത്.