68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം: തിരിച്ചുവാങ്ങിയത് 18,000 കോടിക്ക്

0

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. 15100 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ അമ്പത് ശതമാനം ഓഹരികളും ഇനി ടാറ്റ സണ്‍സിന് സ്വന്തമായിരിക്കും.

8000 കോടിക്കാണ് 68 വർഷം മുൻപ് ദേശസാത്കരിച്ച വിമാനക്കമ്പനിയെ ടാറ്റ തിരിച്ചുപിടിക്കുന്നത്. നേരത്തെ ടാറ്റ എയർലൈൻസായിരുന്നു. എന്നാൽ ടാറ്റ ഉടമകളാവുമ്പോൾ കേന്ദ്രസർക്കാരിന് ഈ വിൽപ്പനയിലൂടെ കിട്ടുക വെറും 2700 കോടി രൂപ മാത്രമാണ്.

ടാറ്റ നൽകുന്ന തുകയിലെ ബാക്കി എയർ ഇന്ത്യയുടെ കടം തീർക്കാനാണ് ഉപയോഗിക്കുക. 60000 കോടി രൂപയാണ് എയർ ഇന്ത്യയുടെ ആകെ നഷ്ടം. ഓരോ ദിവസവും 20 കോടി രൂപയാണ് നഷ്ടം. ഇത് രണ്ടാമത്തെ ശ്രമത്തിലാണ് എയർ ഇന്ത്യയെ വിജയകരമായി വിൽക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചത്. സാമ്പത്തിക കാര്യ കാബിനറ്റ് സമിതി (CCEA) രൂപീകരിച്ച കേന്ദ്രമന്ത്രിമാരായ ആഭ്യന്തര മന്ത്രി, നിർമ്മല സീതാരാമൻ, പീയുഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങുന്ന ‘എയർ ഇന്ത്യ സ്പെസിഫിക് ആൾട്ടർനേറ്റീവ് മെക്കാനിസം’ (AISAM) സമിതിയാണ് തീരുമാനമെടുത്തത്.

ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാലാസ് (Talace Pvt Ltd) സമർപ്പിച്ച ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ സമിതി അംഗീകാരം നൽകി. എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, എയർ ഇന്ത്യ സാറ്റ്സ് ( AIXL, AISATS) എന്നിവയിലുള്ള എയർ ഇന്ത്യയുടെ ഓഹരിയടക്കം കേന്ദ്ര സർക്കാരിന്റെ 100 ശതമാനം ഓഹരിയും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും.

എയർ ഇന്ത്യയുടെ എന്റർപ്രൈസ് മൂല്യമായി (Enterprise Value) 18,000 കോടി രൂപയാണ് ലേല തുകയായി ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ചത്. 14718 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ഉൾപ്പടെ നോൺ-കോർ ആസ്തികൾ ഈ ഇടപാടിൽ ഉൾപ്പെടുന്നില്ല. അവ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിന് (AIAHL) കൈമാറും.

2017 ജൂണിൽ സാമ്പത്തിക കാര്യ കാബിനറ്റ് സമിതി (CCEA)തത്വത്തിൽ അംഗീകരിച്ചതോടെയാണ് എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കൽ പ്രക്രിയ ആരംഭിച്ചത്. അടുത്ത ഘട്ടത്തിൽ താത്പര്യ പത്രം (Letter of Intent – LoI) നൽകുകയും തുടർന്ന് ഓഹരി വാങ്ങൽ കരാറിൽ ഒപ്പിടുകയും ചെയ്യും. അതിനുശേഷം, മുൻകൂർ വ്യവസ്ഥകൾ ഇരുപക്ഷവും പാലിക്കേണ്ടതുണ്ട്. 2021 ഡിസംബറിൽ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.