പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചു

0

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ രക്ഷപ്പെട്ടു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം കെ ഷമീം (35) എന്നിവരാണ് മരിച്ചത്.

സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരിക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പെരുന്നാള്‍ അവധി ആഘോഷത്തിനായി ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറില്‍ നിന്നും രണ്ട് വാഹനങ്ങളിലായാണ് സുഹൃത്തുക്കള്‍ യാത്ര തിരിച്ചത്. വില്ലയില്‍ അടുത്തടുത്ത മുറികളില്‍ താമസിക്കുന്നവരായിരുന്നു ഇവര്‍. സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ലാന്‍ഡ്ക്രൂസര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം മരുഭൂമിയിലെ ഓട്ടത്തിനിടയില്‍ കല്ലിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ എയര്‍ ആംബുലന്‍സില്‍ വക്‌റയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിച്ചു. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പൊലീസ്, നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു റസാഖ്. സജിത്ത് വുഖൂദ് പെട്രോള്‍ സ്‌റ്റേഷനില്‍ ജീവനക്കാരനാണ്.