വിസാ നിയമങ്ങളിൽ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു യു.എ.ഇ; ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം, മറ്റൊരു വിസയിലേക്ക് മാറാൻ ഇനി രാജ്യം വിടേണ്ട

0

യു.എ.ഇ വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസികൾക്ക് കൂടുതൽ സൗകര്യമൊരുക്കും വിധമാണ് പുതിയ ചട്ടങ്ങൾ. പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ മാറ്റങ്ങളുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

നിലവിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രണ്ട് വർഷത്തേക്ക് യുഎഇയിലേക്ക് വരാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ഇനി ഉണ്ടാവില്ല. പകരം നിലവിലുള്ള പിഴയടച്ച് അവർക്ക് വീണ്ടും പുതിയ വിസയിൽ രാജ്യത്തെത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.  

തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളും ഹിസ് ഹൈനസ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗം പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലന്വേഷിച്ച് യു എ ഇയിലെത്തി സന്ദര്‍ശക വിസാ കാലാവധി പിന്നിട്ടവര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ നല്‍കും. ഇതിന് പ്രത്യേക ഫീസുണ്ടാവില്ല. മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലപഠനശേഷവും രണ്ടുവര്‍ഷത്തേക്ക് വിസ അനുവദിക്കും.  പുതിയ സ്‌കീം പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയും തൊഴിലുടമകളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള നിയമങ്ങളിലും ഇളവു വരുത്തുന്നു. വൻ മാർക്കറ്റും വളർച്ചയും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

അതേസമയം ഒരു തൊഴിൽ വിസ അനുവദിച്ച് കിട്ടാൻ താമസ-കുടിയേറ്റ വകുപ്പിൽ മൂവായിരം ദിർഹം നിക്ഷേപിക്കണമായിരുന്നു. വിസ റദ്ദാക്കുമ്പോൾ തിരിച്ച് കിട്ടുന്ന രീതിയിലായിരുന്നു ഈ സെക്യൂരിറ്റി ഡിപ്പോസിറ്റ്, എന്നാൽ പുതിയ തീരുമാനത്തിന്റെ ഭാഗമായി ഇത് ആവശ്യമില്ല, രാജ്യത്ത് നിക്ഷേപമായി സ്വീകരിച്ചിട്ടുള്ള പതിനാല് ബില്യൺ യുഎഇ ദിർഹം തൊഴിലുടമകൾക്ക് തിരിച്ച് നൽകും. യുഎഇയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവർക്ക് നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേക്ക് സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കും. 96 മണിക്കൂർ നേരത്തേക്കാണെങ്കിൽ വെറും അമ്പത് ദിർഹം മാത്രം മതിയാകും. ഇപ്പോൾ ഈ വിസക്ക് മുന്നൂറ് ദിർഹം ചിലവുണ്ട്. ഇത് യുഎഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഗുണകരമാകും.

നിലവിലുള്ള വിസയിൽ നിന്ന് മറ്റൊരു വിസയിലേക്ക് മാറാൻ ഇനി രാജ്യം വിടേണ്ട കാര്യമില്ല. ഇവിടെ തന്നെ വീസ മാറ്റത്തിന് സൗകര്യമൊരുക്കാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.