യു.എ.ഇ വിസ നിങ്ങൾക്ക്‌ നിഷേധിക്കപ്പെടാം; അത് ഒഴിവാക്കാന്‍ ഈ ആറുകാരണങ്ങള്‍ ശ്രദ്ധിക്കൂ

1

യു.എ.ഇയില്‍ തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. മികച്ചതൊഴിലവസരങ്ങളും ആനുകൂല്യങ്ങലുമാണ് യു.എ.ഇ.യെ ഇന്ത്യക്കാരുടെ ഇഷ്ടയിടമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക്‌ യു.എ.ഇ. ഓൺ അറൈവൽ വിസ സേവനം ലഭ്യമല്ല. അതിനാൽ നേരത്തെ തന്നെ സന്ദർശക / ടൂറിസ്റ്റ്‌ വിസ തരപ്പെടുത്തിയിരിക്കണം. ടൂറിസ്റ്റ്‌ വിസയുടെ കാലാവധി 30 ദിവസവും സന്ദർശക വിസയുടെ കാലാവധി പരമാവധി 90 ദിവസവുമാണ്.

വീസയ്ക്കുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ തയാറാക്കണം. പാസ്പോർട്ട്, യുഎഇയിൽ നിങ്ങളെ സ്വീകരിക്കുന്ന വ്യക്തി അല്ലെങ്കിൽ കമ്പനിയുടെ കത്ത്, മടക്ക യാത്രാ ടിക്കറ്റ് (ടൂറിസ്റ്റ് വീസ) എന്നിവയുടെ പകർപ്പാണ് വേണ്ടത്.

ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ 6 കാരണങ്ങളിൽ ഏതിലെങ്കിലും നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ യു.എ.ഇ വിസ നിങ്ങൾക്ക്‌ നിഷേധിക്കപ്പെടാം.

1. റസിഡന്റ്സ് വീസ കൈവശം വച്ച ശേഷം ഇത് റദ്ദുചെയ്യാതെ യുഎഇ വിട്ടാൽ പിന്നീട് മടങ്ങി വരുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിക്കും. പിആർഒയുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ വിഭാഗത്തിൽ ചെന്നു പഴയ റസിഡന്റ്സ് വീസ ക്ലിയർ ചെയ്ത് പ്രശ്നം പരിഹരിക്കാം.

2. കൈ കൊണ്ട് എഴുതിയ പാസ്പോർട്ടുകൾ യുഎഇ ഇമിഗ്രേഷൻ സ്വയം തന്നെ നിരാകരിക്കും.

3. ക്രിമിനൽ കുറ്റം ചെയ്തവർ ഇത്തരം പശ്ചാത്തലമുള്ളവർ യുഎഇയിൽ തട്ടിപ്പ് കാണിച്ചവർ മോശം പ്രവർത്തികൾ ചെയ്തവർ എന്നിവരുടെ വീസ അപേക്ഷ തള്ളും.

4. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുകയും രാജ്യത്ത് പ്രവേശിക്കാതിരിക്കുകയും ചെയ്താലും പ്രശ്നം സൃഷ്ടിക്കും. ഇതേ കാര്യം തൊഴിൽ വീസയ്ക്കും ബാധകമാണ്. ട്രാവൽ ഏജൻസിയുടെ പിആർഒയോ സ്പോൺസറോ ഇമിഗ്രേഷനിൽ പോയി മുൻ വീസ ക്ലിയർ ചെയ്യണം.

5. വീസ അപേക്ഷയിൽ നൽകുന്ന പേര്, പാസ്പോർട്ട് നമ്പർ, പ്രൊഫഷൻ കോഡ് തുടങ്ങിയ കാര്യങ്ങളിലെ തെറ്റുകൾ വീസ അനുമതി വൈകിക്കാൻ കാരണമാകും. ചിലപ്പോൾ അപേക്ഷ തള്ളാനും ഇതുമതി.

6. പാസ്പോർട്ട് കോപ്പിയിലെ ചിത്രം വ്യക്തമല്ലാതിരിക്കുക യുഎഇ ഒാൺലൈൻ ഇമിഗ്രേഷൻ സിസ്റ്റത്തിൽ അപേക്ഷിക്കുമ്പോൾ വ്യക്തവും കൃത്യവും അല്ലാത്ത ചിത്രം നൽകിയാലും വീസ നടപടി വൈകും. ഇക്കാരണത്താൽ അപേക്ഷ നിരാകരിക്കുകയും ചെയ്യാം.