“ലോകം മുഴുവനും കേൾക്കുന്നുണ്ട് ആ പാട്ട്” ഉമാ ദേവി

0
Uma Devi

മായാ നദി ഇൻട്ര് മാർപിൽ വഴിയുതേ…. കബാലിയിലെ ഹൈലൈറ്റ് ഗാനം. എവർഗ്രീൻ മെലഡി ഹിറ്റ്. രജനി കാന്തിന്റെ സിനിമാ യാത്രയിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. രചന ഉമാദേവി. 90-കൾക്കു ശേഷമാണ് കോളിവുഡിൽ സ്ത്രീകൾ ഗാനരചനാ രംഗത്ത് സജീവമാകുന്നത്. വിരലിലെണ്ണാവുന്നവരേ ഉള്ളൂവെങ്കിലും തനതാണ് ഇവർ നേടിയെടുത്ത ഇടങ്ങൾ. അതിൽ വേറിട്ട പാതയിലാണ് തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഉമാദേവിയുടെ സഞ്ചാരം. ഉമ സംസാരിക്കുന്നു.

മദ്രാസിലും കബാലിയും എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റ് ആണല്ലോ? അതിന്റെ രഹസ്യം?
ഒരു ഗാനം രചിക്കും മുമ്പ് ആ ഗാനത്തിന് മുമ്പും ശേഷവും ഉള്ള രംഗങ്ങളും കഥാപാത്രങ്ങളും അവരുടെ മനോവികാരങ്ങളും മാത്രം മനസ്സിലാക്കാതെ കഥ മുഴുവനും ഞാൻ കേൾക്കുക പതിവാണ്. സംവിധായകർ ആ ഗാനത്തിന്റെ ചുറ്റുപാടുകൾ പറഞ്ഞു കഴിയുമ്പോൾ ഞാൻ ആ പാട്ടിനുള്ളിലേക്കും കഥാപാത്രത്തിനുള്ളിലേക്കും ഇറങ്ങിച്ചെല്ലും. അതിനു ശേഷമായിരിക്കും എഴുതാൻ ആരംഭിക്കുക. ഇതല്ലാതെ മറ്റു രഹസ്യങ്ങളൊന്നും ഇല്ല.

തമിഴ് സാഹിത്യം പഠിച്ചതു കൊണ്ടാണോ വ്യത്യസ്തമായ വാക്കുകൾ കോർത്ത് രചനകൾ ഒരുക്കാൻ കഴിയുന്നത്?
തമിഴ് സാഹിത്യം കടൽ പോലെയാണ്. തീരത്തു നിന്ന് കുളിക്കുകയും ആഴക്കടലിൽ മുത്തെടുക്കുകയും ചെയ്യാം. എന്റെ രചന വ്യത്യസ്തമാക്കുന്നതിന് തമിഴ് സാഹിത്യം ഒരു കാരണം എന്ന് തീർച്ചയായും പറയാം. ഇനിയും എന്റെ രചനകളിൽ പുതിയ വാക്കുകളും ഉപമകളും ഉണ്ടാകും.

കബാലിയിൽ ഗാനങ്ങൾ എഴുതിയ അനുഭവം?
മദ്രാസ് എന്ന ചിത്രത്തിലേതു പോലെ കബാലിയുടെ സമയത്തും സംവിധായകൻ പി രഞ്ജിത് എന്നെ വിളിച്ച് ഒരു ഗാനം എഴുതാൻ ആവശ്യപ്പെട്ടു. ആദ്യം മായാ നദി എഴുതിക്കൊടുത്തു. ആ പാട്ടിന്റെ അന്തരീക്ഷം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പ്രണയത്തെ യുവത്വത്തോടു മാത്രമാണ് ഉപമിച്ചു കാണാറുള്ളത്. അതാണ് നമ്മുടെ സാമാന്യ ബുദ്ധിയും. ഭാരതിദാസൻ എഴുതിയ “കുടുംബ വിളക്ക്” വാർധക്യപ്രണയത്തെ മനോഹരമായി ചിത്രീകരിച്ച രചനയാണ്. അതുപോലെ ദീർഘകാലം വേർപിരിഞ്ഞ ശേഷം കണ്ടുമുട്ടുന്ന യുവത്വം കടന്നുപോയ ഭർത്താവിന്റേയും ഭാര്യയുടേയും പ്രണയഭാവം ആണ് കഥാസന്ദർഭം എന്നതിനാൽ എനിക്ക് വളരെ സന്തോഷമായി. സന്തോഷ് നാരായണന്റെ സംഗീതവും ആ ഭാവത്തിന് ഏറെ അനുയോജ്യമായി. അത് ശ്വേതാ മോഹനും ആനന്ദും പ്രദീപും കൂടിച്ചേർന്ന് പാടിയപ്പോൾ മനസ്സ് നിറഞ്ഞു. ഇപ്പോൾ, ലോകം മുഴുവനും ആ പാട്ട് കേൾക്കുന്നുണ്ട്. അത് കേൾക്കുന്തോറും അഭിനന്ദനവും ലോകമെമ്പാടു നിന്നും ഏറുന്നു. അഭിമാനം തോന്നുന്ന നിമിഷങ്ങൾ.

“ദളിത്” ആയതു കൊണ്ടാണോ രജ്ഞിത്തിന്റെ ചിത്രങ്ങളിൽ നിങ്ങൾക്ക് അവസരം ലഭിക്കുന്നത്?
വളരെ പ്രധാനപ്പെട്ട ചോദ്യം. ഈ ചോദ്യം ചോദിച്ചതിന് നന്ദിയുണ്ട്. 1980-കളിൽ ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ എന്ന ചിത്രത്തിൽ വൈരമുത്തു ഗാന രചന നിർവഹിച്ചപ്പോൾ, ആരും അദ്ദേഹത്തോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നില്ല. പക്ഷേ മുപ്പത്തഞ്ച് വർഷത്തിനിപ്പുറം രഞ്ജിത്തിന്റെ ചിത്രത്തിൽ ഉമാ ദേവി ഗാന രചന നിർവഹിച്ചപ്പോൾ ഈ ചോദ്യം ഉയർന്നുവെങ്കിൽ നമ്മുടെ മനോഭാവവും നാടിന്റെ മനോഭാവവും മാറിയിട്ടില്ല എന്നു തന്നെയാണ് അർത്ഥം. സംവിധായകന്റെ ജാതിക്കാരൻ എന്നതിലുപരി, കഴിവുകളാണ് വൈരമുത്തുവിന് അവസരങ്ങൾ നേടിക്കൊടുത്തത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉയരങ്ങളിൽ നിലനിൽക്കുന്നതും. രഞ്ജിത്ത് എനിക്ക് അവസരം നൽകിയതിനു കാരണം എന്റെ “ദിശൈകളെ പരുകിയവൾ” എന്ന കവിതാ സമാഹാരമാണ്. എന്റെ രചനകളാണ് എന്നെ അദ്ദേഹത്തിന്റെ അടുത്ത് എത്തിച്ചതും എന്റെ സിനിമാ യാത്രയ്ക്ക് തുടക്കമിട്ടതും. ഒരൊറ്റ രഞ്ജിത്തും ഒരൊറ്റ ഉമാദേവിയും മാത്രമേ ഉള്ളൂവെങ്കിൽ ഇങ്ങനെ ചോദ്യങ്ങൾ സ്വാഭാവികമാണ്. ഈ അവസ്ഥ മാറണമെങ്കിൽ ധാരാളം രഞ്ജിത്തുമാരും ധാരാളം ഉമാ ദേവിമാരും വരേണ്ടതുണ്ട്.

രജനിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്…
സിനിമയും ജീവിതവും തമ്മിലുള്ള ഇഴയടുപ്പം ഇപ്പോൾ കൂടിയിട്ടുണ്ട്. രഞ്ജിത്തിന്റെ ചിത്രങ്ങളിൽ അത് എപ്പോഴും കാണുകയും ചെയ്യാം. ലോകമെമ്പാടും റിലീസ് എന്നതിനും അപ്പുറം കബാലി വലിയ വിവാദങ്ങൾക്കും വഴിയൊരുക്കി. വിവാദങ്ങൾ സൃഷ്ടിക്കുന്നതാണ് ഓജസ്സുള്ള രചന. അത്തരത്തിലൊരു ചിത്രം സമ്മാനിച്ച രജനിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷം. മകിഴ്ചി.

ഇപ്പോൾ ഗാനരചന നിർവഹിക്കുന്ന ചിത്രങ്ങൾ?
മദ്രാസിനു ശേഷം ഇനിമേ ഇപ്പടിത്താൻ, മായാ തുടങ്ങിയ ചിത്രങ്ങളിൽ ഗാന രചന നിർവഹിച്ചു. ഇപ്പോൾ കബാലിക്കു ശേഷം റങ്കൂൺ, തുഗ്ലക്, നാഗേഷ് തിറൈയരങ്കം, അടങ്കാതേ എന്നിങ്ങനെ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു.

മായാ നദി ഇൻട്ര് മാർപിൽ വഴിയുതേ…. ഗാനം കേൾക്കാം