സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന സൗജന്യമാക്കണം- സുപ്രീം കോടതി

0

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ/സ്വകാര്യ ലാബുകളിൽ കോവിഡ്-19 പരിശോധന സൗജന്യമായി നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. അഭിഭാഷകനായ ശശാങ്ക് ദിയോ സുധിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇത് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് ജീവകാരുണ്യ സേവനങ്ങൾ വ്യാപിപ്പിച്ച് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിൽ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും പങ്കുണ്ടെന്ന് കോടതി പറഞ്ഞു. സർക്കാർ മേൽനോട്ടത്തിലുള്ള ലാബുകളിൽ പരിശോധന സൗജന്യമായി നടക്കുമ്പോൽ സ്വകാര്യ ലാബുകളിൽ ഇതേ പരിശോധനയ്‍ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

സ്വകാര്യ ലാബുകൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ ഇടപെട്ട് നികത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് ജസ്റ്റിസുമാരായ അശോക ഭൂഷൺ എസ് രവീന്ദ്രൻ ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേട്ടുകൊണ്ട് പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തിയായത്.

എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതോ ഡബ്ല്യൂ.എച്ച്.ഓ അല്ലെങ്കില്‍ ഐ.സി.എം.ആര്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളില്‍ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീംകോടതി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയ്ക്കായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചു. PPE കിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നതിന് ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന വാർത്തകളെ സര്ക്കാർ തള്ളിക്കളഞ്ഞു. ഇത്തരം നടപടികൾ സ്വീകരിക്കരുത് എന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും എന്നും സര്ക്കാർ കോടതിയെ അറിയിച്ചു.