98–ാം വയസിലും 80 വയസുള്ള മകനെ പരിപാലിക്കാൻ അമ്മ വൃദ്ധ സദനത്തിൽ

0

മക്കളെന്നും അമ്മമാർക്ക് കുഞ്ഞുകുട്ടികളായിരിക്കും അതുകൊണ്ടു തന്നെ അവരെത്ര വളർന്നാലും അവരോടുള്ള സ്നേഹവും കരുതലും അത്രമേലായിരിക്കും. അത്തരത്തിൽ തന്റെ 98 ട്ടാമത്തെ വയസിലും മകനെ കുറിച്ച് വേവലാതിപ്പെടുന്ന ഒരമ്മയുണ്ട്. യുകെയിലെ ലിവർപൂൾ സ്വദേശിയായ ആദാ കീറ്റിങ് എന്ന മുത്തശ്ശി. 98 ആം വയസ്സിൽ 80 കാരനായ മകനെ പരിപാലിക്കാൻ വൃദ്ധസദനത്തിലെത്തുരിക്കുകയാണ് ഈ അമ്മ.

ആദാ കീറ്റിങ്ങിന്റെ മകൻ ടോം അവിവാഹിതനാണ്. അതിനാൽ ഈ അമ്മയും മകനും എന്നും ഒരുമിച്ചാണ് ജീവിച്ചത്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ വലച്ചപ്പോൾ 2016 ൽ മോസ് വ്യൂ എന്ന വൃദ്ധ പരിപാലന കേന്ദ്രത്തിലേക്ക് മാറാൻ ടോം തീരുമാനിച്ചു. ടോമിനെ കൂടാതെ മൂന്നു പെൺമക്കൾ കൂടി ആദാ മുത്തശ്ശിക്ക് ഉണ്ട്. എന്നാൽ വൃദ്ധ സദനത്തിലേക്ക് മാറിയ മൂത്ത മകനെ തന്നാലാവും വിധം പരിപാലിക്കണം എന്ന ചിന്തയാണ് ആദയെയും മോസ് വ്യൂവിലേയ്ക്ക് എത്തിച്ചത്.

വൃദ്ധസദനത്തിൽ മകനുവേണ്ടുന്ന പരിചരണമൊക്കെ ലഭിക്കുമ്പോഴും, മാനസികമായ പിന്തുണയും പ്രത്യേക പരിഗണനയും മകനു വേണം എന്നറിയുന്നതിലാണ് ആദയും മകനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ കഴിയുന്നത്ര നേരം ഇരുവരും ഒരുമിച്ചാണ് ചിലവഴിക്കുന്നത്. മകനൊപ്പം ചെറിയ കളികളിൽ ഏർപ്പെട്ടും ഒരുമിച്ച് ടിവി കണ്ടും എല്ലാം സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ അമ്മ. തന്റെ സാന്നിധ്യം മകന് ഏറെ സന്തോഷം നൽകുന്നുണ്ടെന്ന് ആദ മുത്തശ്ശി പറയുന്നു.

മറ്റു മൂന്നു മക്കളും ഇരുവരെയും കാണാൻ മിക്കപ്പോഴും വൃദ്ധസദനത്തിൽ എത്താറുണ്ട്. ആകാവുന്ന കാലത്തോളം ഇനിയും മകനെ പരിപാലിക്കണം എന്ന ആഗ്രഹമേ ഈ മുത്തശ്ശിക്ക് ഉള്ളൂ.