ഉത്രയുടെ കൊലപാതകം: സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും ;രണ്ട് പാമ്പുകളുടേയും പോസ്റ്റുമോര്‍ട്ടം നടത്തും

0

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി സൂരജിനെ നെയും കൂട്ടു പ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപ്പെടുത്താന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച പ്രതിയുടെയും ഉത്രയുടെയും വീടുകളില്‍ തെളിവെടുപ്പ് നടത്തി. ഉത്രയെ കടിച്ച രണ്ട് പാമ്പുകളുടേയും പോസ്റ്റുമോര്‍ട്ടവും നടത്തും.

കരിമൂർഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. കേസിൽ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറൻസിക് സംഘത്തിന് ഈ കുപ്പി കൈമാറും. വന്യജീവി സംരക്ഷണ നിയമ പ്രകാരമു്ള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തും. സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെക്കൂടി കണ്ടെടുത്തിട്ടുടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അതിവൈകാരിക രംഗങ്ങളായിരുന്നു സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ ഉണ്ടായത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുന്നുണ്ടായിരുന്നു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരഞ്ഞു.

മേയ് 7ന് പുലർച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്.മാർച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്. കുഞ്ഞിന്‍റെ ശരീരം ശുചിയാക്കാൻ മുറ്റത്തിറങ്ങിയപ്പോഴാണ് കടിയേറ്റതെന്നാണ് സൂരജിന്‍റെ വീട്ടുകാരുടെ വാദം. നേരത്തെ മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് പറഞ്ഞിരുന്നത്. അണലി കടിച്ചുവെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. എട്ട് മണിക്ക് പാമ്പ് കടിയേറ്റിട്ടും പുലർച്ചെ 1 മണിക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

ഭാര്യയെ കൊല്ലാൻ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പ് പിടുത്തക്കാരൻ സുരേഷുമായി പരിചയത്തിലായി. ആദ്യം ഫെബ്രുവരി 26 ന് അണലിയെ വാങ്ങി. മാർച്ച് 2ന് കടുപ്പിച്ചെങ്കിലും ചികിത്സയിലൂടെ ഉത്രക്ക് ജീവൻ തിരികെ കിട്ടി. ഇതൊടെ ഏപ്രിൽ 24ന് കൂടുതൽ വിഷമുള്ള മൂർഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയിൽ കിടന്നുറങ്ങവെ പുലർച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയിൽ ഉറങ്ങാതെ നോക്കിയിരുന്നെന്നും അത്യപൂർവ കൊല തുറന്ന് സമ്മതിച്ച സൂരജ് കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ. എസ് പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തോട് ഏറ്റു പറഞ്ഞു.

തുടർച്ചയായുള്ള പാമ്പ് കടിയിൽ സംശയം തോന്നി മാതാപിതാക്കൾ നൽകിയ പരാതിയോടെയാണ് ഈ ക്രൂരമായ കൊലപാതക കഥയുടെ ചുരുളഴിയുന്നത്. ബാങ്ക് ജീവനക്കാരനായിരുന്ന സൂരജിന് നിരവധി സുഹൃത്തുക്കളും ഉണ്ട്. സ്ത്രീധനമായി ലഭിച്ച സ്വർണ്ണവും പണവും സ്വന്തമാക്കാനും മറ്റൊരു ജീവിതത്തിനും വേണ്ടിയാണ് ഭാര്യയെ സൂരജ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന് മൊഴിനൽകിയത്.