എല്‍എച്ച്ബി കോച്ചുമായി അടിപൊളിലുക്കിൽ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി

0

പുതിയ വേണാട് എക്സ്‌പ്രസ് കണ്ടാൽ തീവണ്ടിയാണോ അതോ വിമാനമാണോയെന്ന് സംശയിച്ചൊന്നങ്ങു നിന്നുപോകും. അതെ വിമാനത്തിന്റെ ഉൾവശം പോലെ മനോഹരവും, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യവുമുള്ള പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകളാണ് പുതിയ വേണാട് എക്‌സ്‌പ്രെസ്സിൽ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍.

വേണാട് എക്സ്പ്രസിലെ ലഘു ഭക്ഷണ കൗണ്ടർ

എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്നറിയിക്കാന്‍ വേണ്ടി എല്‍ഇഡി ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്‌സ്പ്രസില്‍ ഉള്ളത്. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.

ലിങ്ക് ഹോഫ്മാൻ ബുഷ്(എൽഎച്ച്ബി)

ർമനിയിലെ അൽസ്റ്റോം കമ്പനി നിർമിക്കുന്ന എൽഎച്ച്ബി കോച്ചുകൾ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്പ്രസുകൾക്കു വേണ്ടി റെയിൽവേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇവ നിർമിച്ചു തുടങ്ങി. അപകടത്തിൽപെടുന്ന സാഹചര്യത്തിൽ കോച്ചുകൾ തമ്മിൽ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാൽ ശബ്ദം കുറവാണ്. എൽഎച്ച്ബി മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.