സ്ത്രീകൾ ജോലിയ്ക്ക് പോകരുത്: കാബൂൾ മേയർ

1

സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കണമെന്ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ മേയർ ഹംദുല്ല നൊമാനി. പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾക്കൊന്നും സ്ത്രീകൾ ഹാജരാവരുതെന്നാണ് നിർദ്ദേശം. നിലവിൽ മുനിസിപ്പൽ ജോലിക്കായി മാത്രമാണ് സ്ത്രീകൾ എത്തുന്നത്. ഈ ജോലി പുരുഷന്മാർക്ക് ചെയ്യാൻ കഴിയില്ലെന്ന് മേയർ പറയുന്നു. സ്ഥിതിഗതികൾ സാധാരണ ഗതിയിൽ എത്തുന്നത് വരെ സ്ത്രീകൾ വീട്ടിലിരിക്കണമെന്നും മേയർ വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ച മുതൽ ആൺകുട്ടികൾക്കുള്ള സ്കൂളുകൾ തുറന്നിരുന്നു. പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പെൺകുട്ടികളുടെ സ്കൂളുകൾ എപ്പോൾ തുറക്കുമെന്നോ പെൺകുട്ടികൾക്ക് എപ്പോൾ മുതൽ ക്ലാസിൽ പോയിത്തുടങ്ങാമെന്നോ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടില്ല.

അധികാരം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ ഒരു മാസത്തിലധികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ചുരുക്കം സ്കൂളുകളാണ് തുറന്നുപ്രവർത്തിച്ചിരുന്നത്. ഇവിടെ ആറാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾ ക്ലാസിൽ പോയിരുന്നു. സർവകലാശാലയിൽ പഠിക്കുന്ന പെൺകുട്ടികളും ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ ഇതുവരെ സ്കൂളിൽ പോയിട്ടില്ല.

മുൻപ് താലിബാൻ ഭരണത്തിലിരിക്കെ നടത്തിയതുപോലുള്ള കർശന നിബന്ധനകൾ ഇക്കുറി നടപ്പിലാക്കില്ലെന്ന് അധികാരത്തിലേറുന്ന സമയത്ത് ഭരണകൂടം വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയില്ലെന്നും പ്രത്യേക ക്ലാസുകളിലിരുന്ന് ഇവർക്ക് പഠിക്കാമെന്നും അവർ അറിയിച്ചു.

ഇതിനിടെ അഫ്ഗാനിസ്ഥാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു. പകരം നന്മതിന്മ മന്ത്രാലയമാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്ത് നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിൻ്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഈ സദാചാര പൊലീസിൻ്റെ ജോലിയാണ്.

അഫ്ഗാനിസ്ഥാനിലെ വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ കെട്ടിടത്തിനകത്തുനിന്ന് വനിതാ ജീവനക്കാരെ പുറത്താക്കിയിരുന്നു. കെട്ടിടത്തിനു പുറത്തെ വനിതാ ക്ഷേമ മന്ത്രാലയം എന്ന ബോർഡ് മാറ്റി ‘പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ പ്രോത്സാഹിപ്പിക്കൽ, തിന്മ തടയൽ മന്ത്രാലയം’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, വെടിയേറ്റു മരിച്ചെന്ന വാർത്തകൾ തള്ളി മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുൾ ഗനി ബറാദർ രംഗത്തെത്തി. താൻ തീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ബറാദറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. താലിബാൻ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.