ഹാപ്പിനസ് എഡിറ്റര്‍……

0

പത്രങ്ങള്‍ പലപ്പോഴും വിവാദ വിഷയങ്ങളും, അപകടങ്ങളുടെ, അക്രമങ്ങളുടെ വാര്‍ത്തകളും കൊണ്ട് നിറഞ്ഞതാകും. എങ്കില്‍ ഇതാ ഇതില്‍ നിന്നു വ്യത്യസ്തമായി വായനക്കാരെ സന്തോഷിപ്പിക്കുന്നതും, പ്രചോദനം നല്‍കുന്നതുമായ നല്ല വാര്‍ത്തകള്‍ മാത്രം നല്‍കാനായ് ദുബായില്‍ നിന്നുമുള്ള ഖലീജ് ടൈംസ് നിയമിച്ചിരിക്കുന്നു, ഹാപ്പിനസ് എഡിറ്റര്‍ ആയി സമന്‍ ഹസീക്കിനെ.

2012 മുതല്‍ ഖലീജ് ടൈംസില്‍ ജോലി ചെയ്യുന്ന സമന്‍ ഇനി ദുബായ് ജനതയ്ക്ക് സന്തോഷം നല്കാനായി മാത്രമാകും വാര്‍ത്തകള്‍ എഴുതുക. 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്സ്' എന്ന തലക്കെട്ടോടെയാകും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. ദുബായില്‍ ഹാപ്പിനസ്സ് മിനിസ്റ്ററെ നിയമിച്ചതിന് പിറകെയാണ് ഇപ്പോള്‍ ഹാപ്പിനെസ്സ് എഡിറ്ററും. പത്രങ്ങളുടെ പതിവ് പല്ലവിയായ അന്വേഷണം, വിശകലനം ഇവയൊക്കെ മാറ്റി നിര്‍ത്തി പോസിറ്റീവ് വാര്‍ത്തകള്‍ മാത്രം ആകും സമന്‍ ഇനി പ്രസിദ്ധീകരിക്കുക. വിജയങ്ങളുടെ, നല്ല ഭരണ നിയമങ്ങളുടെ, പുരോഗതിയുടെ, നേട്ടങ്ങളുടെ തുടങ്ങി സമൂഹത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍.

ജനങ്ങളുടെ ശബ്ദമായി, ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ സന്തോഷം നല്കുന്നത് മാത്രം ആയിരിക്കില്ല എന്ന കാരണം കൊണ്ട് തന്നെ രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളോട് കൂടിയാണ് ജനങ്ങള്‍ ഈ പുതിയ നിയമനത്തെ സ്വീകരിച്ചത്. എങ്കിലും ദുബായ് ജനതയ്ക്ക് സന്തോഷം പകരുക എന്ന ചിന്ത പ്രശംസനീയം തന്നെ.