കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ 3000 അടി ഉയരത്തില്‍ നിന്നും മലയാളിദമ്പതികള്‍ വീണു മരിച്ചത് യോസാമിറ്റിയിലെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റില്‍ നിന്നും

0

യുഎസിലെ കലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച യുവ ദമ്പതികൾ കാൽവഴുതി കൊക്കയിൽ വീണു മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

തലശേരി കതിരൂർ ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ്  മരിച്ചത്. കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം.വി.വിശ്വനാഥ്, ഡോ.സി.സുഹാസിനി ദമ്പതികളുടെ  മകനാണ് വിഷ്ണു. കോട്ടയം തിരുനക്കര വാണിശ്രീയിൽ എസ്.ആർ.മൂർത്തി – ചിത്ര ദമ്പതികളുടെ മകളാണു മീനാക്ഷി.

ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പര്‍വ്വതനിരകളില്‍ നിന്നും തെന്നിവീണാണ് ഇരുവരും മരിച്ചത്. യോസാമിറ്റി നാഷണല്‍ പാര്‍ക്കിലെ ട്രക്കിംഗിനിടെ 3000 അടി ഉയരത്തില്‍ നിന്നും വീണായിരുന്നു മരണം. 
കമിതാക്കളുടെ വളരെ ഇഷ്ടപ്പെട്ട ഇടമാണ് യോസാമിറ്റിയില്‍ ടാഫ്റ്റ് പോയിന്റ് പാറക്കെട്ട്. കമിതാക്കള്‍ ഇവിടെ വെച്ച് പ്രണാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മിഷിഗണ്‍കാരനായ മാത്യു ഡിപ്പല്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒരു ചിത്രം പകര്‍ത്തിയിരുന്നു. യുവാവ് മുട്ടില്‍ ഇരുന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം യാദൃശ്ചികമായി അദ്ദേഹം പകര്‍ത്തിയതായിരുന്നു. ഇത്തരത്തില്‍ പല പ്രണയിനികളും ദമ്പതിമാരും ഈ സൂയിസൈഡ് പോയന്റിന് മുകളില്‍ വിവാഹപ്രണയാഭ്യര്‍ത്ഥനകള്‍ നടത്താന്‍ എത്താറുണ്ട്. 
അവധി ആഘോഷിക്കാനായിരുന്നു വിഷ്ണുവും മീനാക്ഷിയും ഇവിടെ എത്തിയത്. എന്നാല്‍ ട്രക്കിംഗിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ചിന്നിചിതറിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ എന്നാണ് വിവരം. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.