എക്സസ് ലഗേജ് ഫീസ് ലാഭിക്കാന്‍ എട്ട് പാന്റ്സും പത്ത് ഷര്‍ട്ടുകളും ധരിച്ചെത്തി; യുവാവിനു യാത്ര നിഷേധിച്ചു വിമാനകമ്പനി

2

എക്സസ് ലഗേജ് ഫീസ് ലാഭിക്കാന്‍ എട്ട് പാന്റ്സും പത്ത് ഷര്‍ട്ടുകളും ധരിച്ച യുവാവിനെ വിമാനത്തില്‍ കയറാതെ അനുവദിക്കാതെ  ബ്രിട്ടീഷ് എയര്‍വേസ്  അധികൃതര്‍. ഐസ് ലാന്‍ഡിലെ കെഫ്ളാവിക് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനം കയറാനെത്തിയ റ്യാന്‍ കാര്‍നെ വില്യംസ് എന്നറിയപ്പെടുന്ന റ്യാന്‍ ഹവായിയാണ് അധികൃതര്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്.

ഒടുവില്‍ ഐസ്ലാന്‍ഡില്‍ നിന്നും ഒരു നോര്‍വീജിയന്‍ എയര്‍ലൈനില്‍ കയറിയാണ് ഹവായ് യുകെയിലെത്തിയത്. ലഗേജില്‍ അധികമായുള്ള വസ്ത്രങ്ങളെല്ലാം ഇയാള്‍ വാരിവലിച്ചു ധരിക്കുകയായിരുന്നു. തന്നെ ഐസ്ലാന്‍ഡിലെ വിമാനത്താവളത്തില്‍ നിന്നും വിമാനം കയറാന്‍ ബ്രിട്ടീഷ് എയര്‍വേസ് അനുവദിച്ചില്ലെന്നും താന്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളില്‍ ചിലത് ബാഗില്‍ വയ്ക്കാത്തതാണ് ഇതിന് കാരണമെന്നും തന്നോട് ഇതിലൂടെ വംശീയപരമായ വിവേചനത്തിന് തുല്യമായ രീതിയിലാണ് ബ്രിട്ടീഷ് എയര്‍വേസ് പെരുമാറുന്നതെന്നും ഹവായ് ട്വീറ്റിലൂടെ വെളിപ്പെടുത്തി.ബ്രിട്ടീഷ് എയര്‍വേസില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അതേ ദിവസം അവിടുന്ന് പുറപ്പെടുന്ന ഈസി ജെറ്റ് വിമാനത്തില്‍ കയറാനും അദ്ദേഹം ശ്രമം നടത്തിയെങ്കിലും ഇതേ കാരണം പറഞ്ഞ് അവരും ഹവായിയെ വിമാനത്തില്‍ കയറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യാതൊരു തരത്തിലുമുള്ള വംശീയവിവേചനം കാണിച്ചല്ല ഹവായ്ക്ക് യാത്ര നിഷേധിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് പ്രതികരിച്ചിരിക്കുന്നത്.