ഈ വീഡിയോ പറയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചു എല്ലാം…..ഫെയ്‌സ്ബുക്കില്‍ തരംഗമായ ആ വീഡിയോ കാണാം

0

സ്ത്രീകളെ പലപ്പോഴും സമൂഹം അളക്കുന്നത് അവളുടെ വേഷം വെച്ചാണ് .സ്ത്രീ  എന്ത് ധരിക്കണമെന്നും ധരിക്കാൻ പാടില്ലെന്നും പറഞ്ഞ് നിരവധി അലിഖിത നിയമങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി കൊണ്ട് ശ്രദ്ധേയമാവുകയാണ് ഒരു പരസ്യവീഡിയോ .

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ഭരണഘടന നിയമപരമായി അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സമൂഹത്തിലെ വലിയൊരു വിഭാഗം ഇന്നും സ്ത്രീകള്‍ ധരിക്കുന്ന പല വസ്ത്രങ്ങള്‍ക്കും അപ്രഖ്യാപിതമായി വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.മൂടിപ്പൊതിഞ്ഞ സ്ത്രീ ശരീരങ്ങള്‍ പോലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ചോദ്യ ചിഹ്നമായി സമൂഹത്തിനു മുന്നില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വസ്ത്രധാരണമാണ് കുറ്റവാളികളില്‍ ‘പ്രകോപന’മുണ്ടാക്കുന്നത് എന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചാല്‍ അവളുടെ ശരീരം സുരക്ഷിതമാണെന്നുമുള്ള അബദ്ധ ധാരണയില്‍ വിശ്വസിക്കുന്നവരും ധാരാളമാണ്.

ഒന്ന് കുനിയേണ്ടി വരുമ്പോള്‍, സ്‌ലീവ് ലെസ് വസ്ത്രം ധരിക്കുമ്പോള്‍ കൈകള്‍ പൊക്കേണ്ടി വന്നാല്‍, ഉള്ളില്‍ ധരിച്ച വസ്ത്രത്തിന്റെ ഭാഗം ഒരല്‍പ്പം പുറത്തേക്ക് കണ്ടാല്‍ അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ സ്വശരീരത്തെ അവള്‍ക്ക് നിയന്ത്രിക്കേണ്ടി വരുന്നു. സ്വാഭാവികമായ ശരീര ചലനങ്ങള്‍ക്കിടയില്‍ വസ്ത്രം നേരെയാക്കാനായി ഒരു കൈ മാറ്റി വെക്കേണ്ട അവസ്ഥയാണ് പല സ്ത്രീകള്‍ക്കും.

അത്തരം സ്ത്രീകള്‍ക്ക് ആത്മധൈര്യം പകരുന്ന ഒരു വീഡിയോയാണ് ഫാഷന്‍ പ്രസിദ്ധീകരണമായ എല്ലെയുടെ ഇന്ത്യന്‍ വിഭാഗവും വിവോള്‍വ് ഗ്ലോബലും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്. ‘പൊതുസമൂഹത്തില്‍ നിന്ന് നമ്മള്‍ നമ്മളെ എങ്ങനെയാണ് ഒളിപ്പിക്കുന്നത് എന്ന് കാണിക്കുന്ന ഈ വീഡിയോയുമായി ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും ബന്ധപ്പെടുത്താനാകും’ എന്ന അടിക്കുറിപ്പോടെയാണ് എല്ലെ ഇന്ത്യ വീഡിയോ ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന് സ്വന്തം ശരീരത്തെ നിയന്ത്രിക്കേണ്ടത് സ്ത്രീകളല്ല, മറിച്ച് കണ്ണുകളേയും മനസിനേയും നിയന്ത്രിക്കേണ്ടത് പുരുഷന്‍മാരാണെന്ന് പറയാതെ പറയുന്ന ഈ വീഡിയോ സ്ത്രീകളെ വെറും ശരീരമായി മാത്രം കാണരുതെന്ന സന്ദേശവും നല്‍കുന്നു. 25 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞത്. 31,000-ത്തിനു മേല്‍ ഷെയറുകളും 28,000-ത്തിലധികം ലൈക്കുകളും ലഭിച്ച വീഡിയോയ്ക്ക് ആയിക്കണക്കിന് പേര്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.