കാവ്യ സന്ധ്യ ഒക്ടോബര്‍ 24ന്

0

സിംഗപ്പൂര്‍ മലയാളികള്‍ക്ക് കാവ്യസുരഭില സന്ധ്യയുമായി കല(Kerala Arts Lovers Association) സിംഗപ്പൂര്‍, Nee Soon South IAEC യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കാവ്യസന്ധ്യ' ഒക്ടോബര്‍ 24ന് വൈകിട്ട് 7 മുതല്‍ 9:30 വരെ ഖാത്തിബ് MRT യ്ക്ക് സമീപത്തുള്ള Nee Soon South Community Club (Theatre)ല്‍ നടത്തപ്പെടുന്നു. സിംഗപ്പൂര്‍ മലയാളികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന യുവ കവികള്‍ക്ക് തങ്ങളുടെ കാവ്യസൃഷ്ടികള്‍ പൊതു വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരമായി കല സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ പ്രശസ്ത മലയാള കവിയും നിരൂപകനും റിട്ട.അധ്യാപകനുമായ ശ്രീ.ചെമ്മനം ചാക്കോ മുഖ്യാതിഥി ആയിരിക്കും. കുറിക്കു കൊള്ളുന്ന ഹാസ്യ രചനകളിലൂടെ മലയാള കവിതയില്‍ ആക്ഷേപ ഹാസ്യത്തിന് പുതിയൊരു മാനം നല്‍കിയ കവിയാണ്‌ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ചെമ്മനം ചാക്കോ.

കവിതയിലും സാഹിത്യത്തിലും അഭിരുചിയുള്ള അനേക കലാകാരന്മാര്‍ നമ്മുടെയിടയില്‍ ഉണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് സ്വന്തം കഴിവുകള്‍ പൊതുജന സമക്ഷം കൊണ്ടുവരുന്നതിന് ഏറ്റവും നല്ലൊരു അവസരമാണ് കാവ്യസന്ധ്യയിലൂടെ ഒരുക്കുന്നതെന്നും 'കല' പ്രസിഡന്‍റ് ശ്രീ.ഐസക് വര്‍ഗ്ഗീസ് പ്രവാസി എക്സ്പ്രസ്സിനോട് പറഞ്ഞു. ശ്രീ.ചെമ്മനം ചാക്കോയുടെ സാന്നിധ്യത്തില്‍ സ്വന്തം കാവ്യസൃഷ്ടികള്‍ അവതരിപ്പിക്കാന്‍ ലഭിച്ചിരിക്കുന്ന ഈ അസുലഭ അവസരം എല്ലാ കലാകാരന്മാരും പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാവ്യസന്ധ്യയില്‍ കവിതകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കവികള്‍ രജിസ്ട്രേഷനായി താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഐസക് -98356242, ശ്രീകാന്ത് -94884114
e-mail: [email protected]