സിംഗപ്പൂര്‍ പുകപടലം ;പുക വര്‍ദ്ധിക്കുന്നു ,ബന്ധം ഇടയുന്നു

0

സിംഗപ്പൂര്‍ : വ്യാഴാഴ്ച രാവിലെയോടെ സാധാരണ ഗതിയിലേക്ക് മടങ്ങിയ പുകപടലം ഉച്ചയോടെ വീണ്ടും ശക്തിയായി  വരുന്നതായി രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു .രാജ്യത്തെ ജനങ്ങളുടെ രോഷം കണക്കിലെടുത്ത് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭാവിയില്‍  ഉണ്ടാവാതിരിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ശക്തമായി നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
 
വാണിജ്യപരമായും വിനോദസഞ്ചാരമേഖലയിലും പരസ്പരം കൈകോര്‍ത്തു മുന്നോട്ടു പോകുന്ന സിംഗപ്പൂര്‍ -ഇന്തോനേഷ്യ ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല .ആയിരക്കണക്കിന് ഏക്കര്‍ വരുന്ന പാം ഓയില്‍ കൃഷിസ്ഥലം തീയിട്ടു നശിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന പുകപടലതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ട ആവശ്യം സിംഗപ്പൂരിനില്ലെന്നു സര്‍ക്കാര്‍ വാദിക്കുമ്പോള്‍ തന്നെ സമീപപ്രദേശങ്ങളിലെ ഏറ്റവും വലിയ പാം ഓയില്‍ റിഫൈനറി സ്ഥിതി ചെയ്യുന്നത് സിംഗപ്പൂരില്‍ ആണെന്നു ചൂണ്ടിക്കാട്ടി സിംഗപ്പൂരിനെ നിലയ്ക്ക് നിര്‍ത്താന്‍ തന്നെയാണ് ഇന്തോനേഷ്യയുടെ നീക്കം.
 
വില്‍മാര്‍ ,GAR പോലെയുള്ള വന്‍കിട കമ്പനികളുടെ ഉടമസ്ഥതയില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലമാണ് സുമാത്രയില്‍ ഉള്ളത് .എന്നാല്‍ ഒരു ശതമാനം പോലും തീയിട്ടു നശിപ്പിക്കാതെ പൂര്‍ണ്ണമായും ബുള്‍ഡോസര്‍ ഉപയോഗിച്ച് പാം ഓയില്‍ കൃഷിയിടം നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇത്തരം വന്‍കിട ഭീമന്‍മാര്‍ .
 
സിംഗപ്പൂരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ലൈസന്‍സ് പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍ പറയുന്നുണ്ടെങ്കിലും കോടിക്കണക്കിനു ഡോളര്‍ വരുമാനം നല്‍കുന്ന ഈ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങാന്‍ സര്‍ക്കാരിനു കഴിയില്ല എന്നാണ് നിഗമനം .അതുകൊണ്ട് തന്നെ ഇന്തോനേഷ്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തി കമ്പനികളോടു മറ്റുമാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൃഷിസ്ഥലം വൃത്തിയാക്കുവാന്‍ ആവശ്യപ്പെടാനാണ് സിംഗപ്പൂര്‍ ആലോചിക്കുന്നത് .ഇത്തരത്തിലുള്ള വന്‍കിട കമ്പനികളെ പിണക്കുന്നത് ഉചിതമാകില്ലെന്ന വീക്ഷ്ണമായിരിക്കും സിംഗപ്പൂര്‍ സ്വീകരിക്കുക .
 
എന്നാല്‍ രാജ്യത്തെ ആളുകളുടെ സുരക്ഷയാണോ പ്രധാനം എന്ന് സര്‍ക്കാര്‍ വ്യക്തമാകണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുതുടങ്ങി.ഈ വിഷയത്തില്‍ സിംഗപ്പൂര്‍ എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും വരുംനാളുകളിലെ സിംഗപ്പൂര്‍ -ഇന്തോനേഷ്യന്‍ ബന്ധം എന്നതുകൊണ്ട്‌ തന്നെ ഏറ്റവും പ്രാധാന്യത്തോടെ തന്നെ ഈ വിഷയത്തെ സമീപിക്കാന്‍ മറ്റു ആസിയാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു.
 
എന്നാല്‍ സിംഗപ്പൂരിന്‍റെ കൂടെ നിന്ന് ഈ വിഷയത്തില്‍ ഇടപെടാതെ ചേരിചേരാനയം സ്വീകരിച്ചിരിക്കുകയാണ് മലേഷ്യ എന്നത് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ് .തല്‍ക്കാലം സിംഗപ്പൂരിനെ പിണക്കിക്കൊണ്ടുള്ള ഒരു നടപടിയും ഇന്തോനേഷ്യ സ്വീകരിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍ .തെക്കുകിഴക്കന്‍ രാജ്യങ്ങളിളുടെ  ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന സിംഗപ്പൂരിനെ പിണക്കുന്നത് ആസിയാന്‍ രാജ്യങ്ങളുടെ ഇടയില്‍ ഇന്തോനേഷ്യ ഒറ്റപ്പെടുന്നതിനുവരെ കാരണമാക്കിയേക്കാം