കൃത്രിമമഴ പെയ്യിക്കാന്‍ മേഘങ്ങളെ കാത്ത് സിംഗപ്പൂരും ഇന്തോനേഷ്യയും

0
സിംഗപ്പൂര്‍ : അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന പുകപടലങ്ങള്‍ നീക്കം ചെയ്യാന്‍ സിംഗപ്പൂരും ,സുമാത്രയില്‍ തുടരുന്ന തീയണയ്ക്കാന്‍ ഇന്തോനേഷ്യയും കൃത്രിമമഴ പെയ്യിക്കാനൊരുങ്ങുന്നു.എന്നാല്‍ വേണ്ടത്ര മേഘങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇതു നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
 
സുമാത്രയില്‍ മഴ പെയ്യിക്കാനുള്ള സകല സൗകര്യങ്ങളും സിംഗപ്പൂര്‍ വാഗ്ദാനം ചെയ്തുകഴിഞ്ഞു .എന്നാല്‍ ഒരു മില്ല്യന്‍ ഡോളര്‍ പോലെ കുറഞ്ഞ തുകയാണെങ്കില്‍ ഞങ്ങള്‍ക്ക് വേണ്ടെന്നും ,സ്വന്തം ബജറ്റില്‍ നിന്ന് കാശെടുത്തു കാര്യങ്ങള്‍ നടപ്പിലാക്കിക്കൊള്ളാമെന്നും ഇന്തോനേഷ്യ ഇന്നു പത്രക്കുറിപ്പില്‍ പറഞ്ഞതിനെ  സിംഗപ്പൂര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു .
 
എന്നാല്‍ സിംഗപ്പൂരില്‍ മഴ പെയ്യിക്കാന്‍ കഴിഞ്ഞാലും അത് താല്‍ക്കാലികമായി  ഒരു ആശ്വാസം ആകുമെങ്കിലും കാറ്റിന്റെ ഗതിയനുസരിച്ചു പുക വീണ്ടും രാജ്യത്തില്‍ പടരുവാന്‍ സാധ്യതയുണ്ട്.അതുകൊണ്ട് സുമാത്രയില്‍ ഇത്തരത്തിലൊരു നീക്കം നടത്താനാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുക്കുന്നത് .ഇതിനുവേണ്ടി വന്‍ തുക ചിലവാക്കേണ്ട ആവശ്യം സിംഗപ്പൂരിന് ഇല്ലെന്നാണ് തദ്ദേശീയര്‍ അഭിപ്രായപ്പെടുന്നത്.മുന്‍പ് ഇന്ത്യയില്‍ ഇത്തരത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ 20കോടി രൂപയോളം രൂപ ചിലവാക്കിയത് വന്‍തോതില്‍ അഭിപ്രായഭിന്നത സൃഷ്ട്ടിച്ചിരുന്നു.
 
ഇത്തരത്തില്‍ കൃത്രിമമായി മഴ പെയ്യിക്കുന്ന രീതിയെ ക്ലൗഡ്‌ സീഡിംഗ് എന്നാണ് പറയുന്നത് .മേഘങ്ങളില്‍ , മഴപെയ്യുവാന്‍  വേണ്ടി നടക്കുന്ന സൂക്ഷ്മഭൗതികപ്രവര്‍ത്തനങ്ങള്‍ , രാസപദാര്‍ത്ഥങ്ങള്‍   ഉപയോഗിച്ച് സൃഷ്ടിച്ചാണ്‌ ഇത് ചെയ്യുന്നത്. ഇത് സാധാരണരീതിയില്‍  മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ്‌ ഉപയോഗിക്കുന്നത്.സാധാരണയായി ക്ലൗഡ് സീഡിംഗിനു ഉപയോഗിക്കുന്ന കെമിക്കല്‍  പദാര്‍ത്ഥം സില്‍വര്‍  അയോഡൈഡ് , ഡ്രൈ ഐസ് എന്നിവയാണ്.ഇത്തരത്തില്‍  പൂജ്യം ഡിഗ്രിയേക്കാള്‍  താഴെ തണുപ്പിച്ച വസ്തുക്കള്‍  മേഘത്തിലേക്ക് പ്രരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.
 
ഇതിനുമുന്‍പ്  ഇന്ത്യയില്‍ തമിഴ്നാട് സര്‍ക്കാര്‍  വന്‍ വരള്‍ച്ച നേരിട്ടപ്പോള്‍ ഇതേ രീതിയില്‍ മഴ പെയ്യിച്ചു പ്രശ്നപരിഹാരം കണ്ടിരുന്നു.കൂടാതെ ആന്ധ്ര ,കര്‍ണ്ണാടക സംസ്ഥാനങ്ങളും ഇതേ രീതി പ്രയോഗിച്ചിട്ടുണ്ട്.പാലക്കാടു ജില്ലയില്‍ ഇത്തരത്തില്‍ ഒരു നടപടിയുമായി കലക്ടര്‍ മുമ്പൊരിക്കല്‍ മുന്നോട്ടു പോയെങ്കിലും ഫലം കണ്ടില്ല .
ബീജിംഗ് ഒളിംപിക്സില്‍ മഴ പെയ്യാതിരിക്കാനും ചൈന ഇത്തരത്തില്‍ ക്രിത്രിമമാര്‍ഗം  സ്വീകരിച്ചിരുന്നു.ചൈനയാണ് കൃത്രിമമഴ ഉണ്ടാകുന്നതില്‍ മുന്നില്‍ നില്ക്കു ന്നത്.സിംഗപ്പൂര്‍ ,മലേഷ്യ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ചേര്ന്ന്  ഇത്തരത്തില്‍ ഒരു ക്രമീകരണം മുമ്പൊരിക്കല്‍ ചെയ്തിരുന്നു .
 
എന്തോക്കൊയായാലും ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്നതാണ് .കാലാവസ്ഥയില്‍ വലിയ വ്യതിയാനങ്ങള്‍ തന്നെ ഇതുമൂലം ഉണ്ടായേക്കും.എന്നാല്‍ ഇപ്പോള്‍ സിംഗപ്പൂര്‍ ര്‍ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ മുന്നില്‍ ഇതല്ലാതെ വേറൊരു മാര്‍ഗം  ഇല്ല .വെള്ളിയാഴ്ചയോടെ ഇതിനുള്ള ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സജീകരണങ്ങള്‍ തയ്യാറാകുമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.