രാമായണ മാസത്തിനു തുടക്കമായി….

0

കര്‍ക്കടകത്തിന്‍റെ മഴ തണുപ്പില്‍, ഇരുള്‍ മൂടിയ മേഘചാര്‍ത്തുകളില്‍ പോലും ഭക്തിയുടെ നീലിമ നിറച്ച് കര്‍ക്കിടകത്തിനു ഭക്തിയുടെ കോടി പുതപ്പിക്കുന്ന രാമായണ മാസം തുടങ്ങി. കുളിര്‍ കാറ്റില്‍ ഇളകുന്ന ആലില തുമ്പുകള്‍ പോലും നാമ ജപത്തിന്‍റെ പുണ്യമേറ്റ് വിശുദ്ധി നേടുന്ന കാലമാണിത്.

മലയാള ഭാഷയുടെ ദേവ തുല്യ പദവിയില്‍ ഓരോ മലയാളിയും കര്‍മ്മം കൊണ്ടും മനസ്സാലും വാക്കാലും വിചാരത്താലും പ്രതിഷ്ഠ നടത്തിയിട്ടുള്ള തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആദ്യാത്മരാമായണം കിളിപാട്ടായി കോറിയിട്ടത് ഓരോ മലയാളിയുടെയും മനസ്സിന്‍റെ അടിത്തട്ടിലേക്കാണ്. ഹിന്ദു വിശ്വാസാധിഷ്ഠിതമെങ്കിലും കിളിപ്പാട്ടിലൂടെ മുരളി ഗാനമാധുര്യമായി ഓരോ മലയാളിക്കും പ്രിയമാണ് ക്ഷേത്ര ഗോപുരങ്ങളില്‍ ഉയരുന്ന രാമായണ ശീലുകള്‍. രാമായണ മാസമാകുന്നതോടെ ഓരോ ഹിന്ദു കുടുംബവും ഈ പുണ്യ ഗ്രന്ഥ പാരായണം ദിനചര്യയുടെ ഭാഗമാക്കുന്നു. എഴുത്തച്ഛന്‍ എന്ന നാമത്തിനു ജാതിയോ മതമോ ഇല്ലാത്ത പോലെ അദ്ധ്യാത്മരാമായണവും കിളിപാട്ടും മലയാളിക്ക് സ്വന്തം.

കാവ്യ പ്രധാനമായ അദ്ധ്യാത്മരാമായണം ഭക്തിരസപ്രധാനവും  സാരാംശ സമ്പുഷ്ടവും ആണ്. മലയാള സാഹിത്യ ലോകത്തെ മരതക കിരീടമാണ് എഴുത്തച്ഛന്‍ രാമായണം. രാമായണത്തിന്‍റെ വിവിധ രചനകള്‍ നിലവില്‍ ഉണ്ടെങ്കിലും വാല്മീകി രാമായണത്തിനെ വിവര്‍ത്തനങ്ങളില്‍ ഇത്രയും കാവ്യ ഭംഗി തുളുമ്പുന്ന മറ്റൊരു സൃഷ്ടിയും ഇല്ല. സംകൃതത്തിന്‍റെ പരിഭാഷയായിട്ടാണ് രാമായണം എഴുതപ്പെട്ടത്. എന്നാല്‍ എഴുത്തച്ഛന്‍റെ  രാമായണം ഒരു  പൂര്‍ണ വിവര്‍ത്തന പതിപ്പല്ല. തന്‍റെതായ കാവ്യനിപുണത ഭക്തിമാര്‍ഗത്തില്‍ സാധാരണ, അതായത് ശൂദ്രനു പോലും ഗ്രഹിക്കാവുന്ന രീതിയില്‍ പറയപ്പെട്ടിട്ടുള്ള രചനയാണ്.  നിഷിദ്ധമല്ലാത്ത വായനയില്‍ ശ്രൂദ്രനു പോലും മഹത്വം ലഭ്യമാക്കുന്ന പുണ്യമായാണ് രാമായണം കല്‍പ്പിക്കപെടുന്നതും.

കരുണരസ പ്രധാനമായ കാവ്യം ശ്ലോകങ്ങള്‍ ആയാണ് എഴുതപ്പെട്ടിട്ടുള്ളത്. എട്ട് അക്ഷരം ഓരോ പാദത്തിലും വരുന്ന, നാല് പാദമുള്ള പദ്യത്തിന്‍റെ അനുഷ്ടുപ്പ് എന്ന ശ്ലോക രൂപത്തിലാണ് രാമായണം. അഞ്ഞൂറ് സര്‍ഗം, നൂറോളം ഉപാഖ്യാനം, ഇരുപതിനായിരത്തോളം ശ്ലോകങ്ങള്‍ …. എഴുത്തിന്‍റെ കൊടുമുടി പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന മഹാത്ഭുതം. ബാല കാണ്ധം, അയോദ്ധ്യാകാണ്ധം, കിഷ്കിന്ധാകാണ്ധം, സുന്ദര കാണ്ധം, യുദ്ധ കാണ്ധം എന്നീ ആറോളം തിരിവുകള്‍.

ദേവാവതാര  രാമന്‍റെ ജീവ കഥയായ ‘രാമാ അയനം’ രാമ കാലഘട്ടത്തിലെ സംസ്കാരവും, ജീവിതവും, സാമൂഹിക പാശ്ചാതലവും മതവും കുടുംബവും ബന്ധങ്ങളും വിചാരങ്ങളും, മനുഷ്യ നന്മയും, വാക്കിന്‍റെ വിലയും, ധര്‍മ്മവും, അധര്‍മ്മത്തിന്‍റെ വഴിയും, യുദ്ധവും, ചതിയും, കടമയും, വിശ്വാസവും, കടപ്പാടും, സ്നേഹവും, ത്യാഗവും, സഹനവും, രാജ്യ സ്നേഹവും,യജമാന സ്നേഹവും, പ്രജാ സ്നേഹവും, വീറും,വാശിയും, ഭക്തിയും,നിയമങ്ങളും,നീതികളും, ആചാരങ്ങളും എന്നീ എല്ലാം എല്ലാം വരച്ചു കാട്ടി കഥ പറഞ്ഞു.

ഓരോ കഥാപാത്രവും ഓരോ മൂല്യത്തിന്‍റെ ശിലകളായാണ് രാമായണത്തിലെ പാത്ര സൃഷ്ടി. ദേവനായ രാമനും, സീതയും, ഹനുമാനും ലക്ഷ്മണനും   ആദര്‍ശത്തിന്‍റെ  മകുടോദാഹാരണങ്ങള്‍ ആയി വാഴ്ത്തപ്പെടുന്നു.  എന്തിന്,  രാവണന്‍റെ കൂടെയുള്ള അസുരര്‍ പോലും  ചിലപ്പോള്‍ മൂല്യത്തിനു വേണ്ടി നില്‍ക്കുന്ന കാഴ്ച ആ ശ്രേഷ്ഠ കാവ്യത്തിന്‍റെ വിശിഷ്ഠത ആണ്.
കമ്പ രാമായണമെന്ന അതി പുരാതന രാമായണത്തില്‍ തുടങ്ങി നൂറ്റാണ്ടുകളിലൂടെ മാറിയും മാറ്റിയും എഴുതപെട്ട നിരവധി രൂപങ്ങള്‍ രാമായണത്തിനുണ്ട്. തമിഴിലും, തെലുങ്കിലും, കന്നടയിലും ഗുജറാത്തിയിലും രാമായണ വകഭേദങ്ങള്‍ നിരവധി ഉണ്ട്.
 

Photo courtesy: The Sentinel

ഇവക്കെല്ലാം പുറമേ ടിബറ്റിലും, ഇന്തോനേഷ്യയിലും  രാമായണം പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇന്തോനേഷ്യയില്‍ രാമായണം സംസ്കാരവുമായി വളരെ ചേര്‍ന്ന് നില്‍ക്കുന്നു. വലിയ മുസ്ലിം ജനത ഇത് അംഗീകരിക്കുക എന്നത് വലിയൊരു കര്‍മ്മ പരിശുദ്ധിയാണ്.

രാവിലെയും സന്ധ്യാ നേരത്തും രാമായണം വായിക്കാം. പകല്‍ രാവിലെ മുതല്‍ സന്ധ്യ വരെയും വായിക്കാം. രാമനെ സ്തുതിച്ചു ശുദ്ധിയോടെ വേണം പാരായണം തുടങ്ങാനും, നടത്താന്നും. വായിക്കേണ്ട ഭാഗം തിരഞ്ഞെടുത്ത് പൂര്‍ണ്ണമായും മനസ്സോടെ വായിക്കുകയാണ് വേണ്ടത്. പൂര്‍വമോ, ഉത്തരമോ വായിക്കാം. രാവിലെ കിഴക്കും പിന്നീട് വടക്കും ദിക്ക് നോക്കി ഇരുന്നു പാരായണം ചെയ്യാം എന്ന് വിശ്വാസം. വലതു പേജില്‍ ഏഴ് വരി എണ്ണി വായിച്ച് നിര്‍ത്തണം എന്നും വിശ്വാസം. പൂജകളോടെ തുടങ്ങുന്നതും 31 നാളില്‍ അവസാനിപ്പിക്കുന്നതും പുണ്യമാണ്.

ഇനിയും ഈ പുണ്യ മാസങ്ങള്‍ നമ്മില്‍ നന്മ വളര്‍ത്തട്ടെ. ഓരോ കഥയും, അമ്മൂമ്മയുടെ കഥ പറച്ചിലും മനസ്സില്‍ കഥയുള്ള നൂറു നല്ല കഥാകാരെ ഉണ്ടാക്കട്ടെ….
ശ്രീരാമ ദേവനും ദേവിയും പാത്രങ്ങള്‍ അല്ലാതെ നമ്മില്‍ നന്മയുടെ ദീപം തെളിക്കുന്ന ബിംബങ്ങള്‍ ആവട്ടെ …

ശാരിക പൈങ്കിളി വീണ്ടും പാടട്ടെ ….ഭക്തിയുടെ നേര്‍ത്ത തിരിനാളത്തിനു മുന്നില്‍ മിഴി പൂട്ടി നില്‍ക്കാന്‍ ഈ പുണ്യമാസം അവസരം തരട്ടെ..