സിംഗപ്പൂര്‍ ‘എമര്‍ജിങ്ങ് ടീംസ് കപ്പ്’ ക്രിക്കറ്റ് : ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു!

0

കല്ലാങ്ങ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ – 'എമര്‍ജിങ്ങ് ടീംസ്' കപ്പിനു വേണ്ടിയുള്ള അണ്ടര്‍ 23  ലീഗ് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വിജയം. മലയാളിതാരം സന്ദീപ് വാര്യറുടെ ബൗളിംഗ് മികവിലാണ് ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെ തകര്‍ത്തത്.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് അന്‍പതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 61 റണ്‍സെടുത്ത ഉസ്മാന്‍ സലാഹുദ്ദീനാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സന്ദീപ് വാര്യര്‍ 32 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റെടുത്തു. പഞ്ചാബി താരം സന്ദീപ് ശര്‍മ്മ 2 വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.ക്യാപ്റ്റന്‍ ഉന്മുക്ത് (61), ഓപ്പണര്‍ രാഹുല്‍(46) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. പാകിസ്താനുവേണ്ടി റാസാ ഹസന്‍ മൂന്നു വിക്കറ്റെടുത്തു.കളിയുടെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോഴിച്ചാല്‍ ഇന്ത്യയുടെ സര്‍വാധിപത്യമായിരുന്നു ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചത്.

ഈ വിജയത്തോടെ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ രണ്ട് പോയിന്റ് നേടി. മറ്റന്നാള്‍ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാനാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. 22നാണ് ഇന്ത്യ-അഫ്ഗാന്‍ മത്സരം. ആഗസ്റ്റ് 25നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.