ആ മാര്‍ഗ്ഗത്തിന്റെ ഒരു വഴിത്താര നമുക്കും പിന്തുടരാം…..

0

ലോകം ഒരു മഹാത്മാവിന്റെ പവിത്രമായ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു കോടി വെളുത്ത പൂക്കള്‍ അര്‍പ്പിച്ചു വണങ്ങി. ഇന്ന് രാഷ്ട്ര പിതാവിന്റെ നൂറ്റി നാല്‍പ്പത്തി ആറാം ജനമദിനം ഗാന്ധി സ്‌മൃതികളില്‍ പൊതിഞ്ഞ ശാന്തമായ പുലരിയില്‍ ലോകം കൊണ്ടാടി.

ആത്മ സമര്‍പ്പണം മാനവ നന്മയുടെ അനിവാര്യത ആണെന്നും സത്യവും നീതിയും അക്രമരാഹിത്യ ചിന്തയും മാനുഷിക പരിവര്‍ത്തനത്തിന് അത്യന്താ പേഷികമായ ഘടകങ്ങള്‍ ആണെന്നും ഒരു ചിരിയിലൂടെ, എളിയ വാക്കുകളിലൂടെ, എളിമ നിറഞ്ഞ പ്രവര്‍ത്തിയിലൂടെ നമ്മെ പഠിപ്പിച്ച് നമുക്കിടയില്‍ ജീവിച്ചു മരിച്ച ഒരു പുണ്യാത്മാവ് ആണ് ബാപ്പുജി.

ഇങ്ങനെ ഒരാള്‍ ഇന്ത്യ എന്നാ രാജ്യത്ത് ജീവിച്ചിരുന്നോ എന്ന് ലോകം അത്ഭുതം കൂറിയപ്പോഴും, എളിയ ജീവിതം ഇങ്ങനെ വേണം എന്ന് ലോകത്തെ കാട്ടി കൊടുത്ത്, അക്രമരഹിത അഹിംസാ വഴിയിലൂടെ ഒരു സാമ്രാജ്യത്തിനെ നീരാളി പിടിത്തത്തില്‍ നിന്ന് ഭാരതാബയെ സ്വാതന്ത്ര്യത്തിന്‍റെ ത്രിവര്‍ണ്ണകൊടി പാറുന്ന അഭിമാനം ആക്കി മാറ്റാന്‍ ബാപ്പു വഹിച്ച പങ്ക് ചെറുതല്ല.

ഓരോ വാക്കും പ്രവര്‍ത്തിയും ഓരോ ജീവിതദര്‍ശനങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങള്‍ ലോകത്തില്‍ കുറവേ, ഉണ്ടാകു എന്നാല്‍ അങ്ങനെ കണക്കാക്കപ്പെടുന്ന ബാപ്പുവിന്റെ ജീവിതം ആധുനിക പരിഷ്കാര ലോകം പഠനവും ജീവന അളവുകോലും ആക്കി മാറ്റുന്നു.

ഗാന്ധിയന്‍ തോട്ട്സ് ലോകത്തിലെ എല്ലാ പ്രസിദ്ധ സര്‍വകലാശാലകളും പഠനവിഷയം ആക്കിയത് എന്ന് ചിന്തിച്ചു തല പുകയേണ്ട ആവശ്യം ഇല്ല. ജീവിതം ഒരു തുറന്ന പഠനപുസ്തകമായാണ് ബാപ്പു ലോകാത്തിനു മുന്നില്‍ ജീവിച്ചത്.
ഒരു കണ്ണിനു മറ്റൊരു കണ്ണ് എന്ന അക്രമ ചിന്ത ലോകത്തെ തന്നെ അന്ധതയില്‍ എത്തിക്കും എന്ന് ചൊല്ലി ബാപ്പു ലളിതമായി അക്രമത്തെ തള്ളി പറയാന്‍ പഠിപ്പിക്കുന്നു. മനുഷ്യത്വം, മാനവികതയില്‍ ഉള്ള വിശ്വാസം നഷ്ടമാവരുത് അത് സാഗരം പോലെ ആണ്, കുറെ  ചെറു തുള്ളികള്‍ക്ക് സാഗരത്തെ മലിനമാക്കാന്‍ പറ്റില്ല എന്ന് വാക്കുകളില്‍ നന്മയുടെ ഉറവിടം നാം തന്നെ എന്നും മനുഷ്യനാണ് എല്ലാ പരിവര്‍ത്തനത്തിന്റെയും അടിസ്ഥാനം എന്നും എല്ലാത്തിനും ആവശ്യമായ മാറ്റം നമ്മില്‍ നിന്നും ആണ് തുടങ്ങേണ്ടത് എന്നും ബാപ്പു മനസ്സിലാക്കി തരുന്നു.

വര്‍ണ്ണ വെറിയുടെ ആഗോള രൂപിയായ നേരികേടുകളെ സൗത്ത് ആഫ്രിക്കയില്‍ വച്ചു കണ്ടു മനം മടുത്ത മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ബാപ്പു അവിടെ വെച്ചേ നിസഹകരണ സമര മാര്‍ഗ്ഗത്തിന്റെ വഴിയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന വര്‍ണ്ണ വിവേചനത്തിനു എതിരെ തീജ്വാലപോലെ പ്രതികരിച്ചു. 1916 ല്‍ ഇന്ത്യയില്‍ തിരികെ എത്തിയപ്പോഴും അതേ മാര്‍ഗ്ഗത്തില്‍ മുന്നേറാന്‍ ഇന്ത്യന്‍ ജനതയെ ആഘ്വാനം ചെയ്തു അവരെ മുന്നില്‍ നിന്ന് നയിച്ചു. യുദ്ധമില്ലാതെ വാക്കാലും പ്രവര്‍ത്തിയാലും സഹന മാര്‍ഗ്ഗത്തില്‍ വിപ്ലവം ഉണ്ടാക്കാം എന്ന് ബാപ്പു കാട്ടി കൊടുത്തത് ലോകത്തെ ആണ്.

1921 കളില്‍ സ്വരാജ് എന്ന വലിയ സ്വപ്നവുമായി ബ്രിട്ടീഷ്‌ പടകോപ്പുകള്‍ക്ക് മുന്നില്‍ നിസഹകരണ മുന്നേറ്റമായി മാറി അപ്പോഴേക്കും ഇന്ത്യക്ക്  മഹാത്മാവ് ആയ ബാപ്പു. ഗ്രാമങ്ങള്‍ ഇന്ത്യയുടെ ജീവ നാഡികള്‍ ആണെന്ന് കണ്ട ബാപ്പുവിനോടൊപ്പം ജനം കടല്‍ പോലെ ഒഴുകി എത്തി പര്‍വതം പോലെ ഉറച്ചു നിന്ന്. ആ ശക്തിക്ക് മുന്നില്‍ ബ്രിട്ടീഷ്‌ പട്ടാളവും കൊടി കൂറയും വലിച്ചെറിയപ്പെട്ടു…ഇന്ത്യയുടെ ജീവ ശ്വാസമായി ത്രിവര്‍ണ്ണ പതാക സ്വാതന്ത്ര്യത്തിന്‍റെ അഭിമാനമായി ഒരായിരം പുഞ്ചിരി നക്ഷത്രങ്ങള്‍ വാരി വിതറി ഉയര്‍ന്നു പറന്നു ..

125 വര്ഷം ജീവിക്കണം എന്ന് കൊതിച്ച ബാപ്പുവിനെ ആറു തവണ വധിക്കാന്‍ ശ്രമം നടത്തി, 1948 ജനുവരി 30 നു ബിര്‍ള ഹൌസ് പ്രാര്‍ഥനക്ക് പോകും വഴി ഗോട്സെ ആ ജീവനു ശാപമായി. നെഞ്ചില്‍ ഉതിര്‍ത്ത മൂന്നു വെടി ഉണ്ടകള്‍ ഒരു ലോക മാതൃകയെ ഇല്ലാതെയാക്കി.

യു എസ്സില്‍ മാര്‍ട്ടിന്‍ ലൂതെര്‍ കിങ്ങും, സൗത്ത് ആഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയും മ്യാന്‍മാറില്‍ സ്യുകിയും കണ്ടു പഠിച്ചു ഒരു രാഷ്ട്ര,മാനവിക, നിസഹകരണ വിപ്ലവ ജ്വാല ആണ് ഗാന്ധി സ്മ്രിതിയില്‍ ചന്ദന തീ ജ്വാലകള്‍ ഏറ്റു വാങ്ങിയത്. നവ ലോകത്തിന് മുന്നില്‍ ബരാക് ഒബാമ പോലെ നിരവധിപ്പേര്‍ ഇന്നും നെങ്ങിലെറ്റുന്ന മാതൃകയാണ് ഗാന്ധിജി  എന്നാ ബാപ്പു.

“ ലോകം കണ്ട ദീപ്തമായ വ്യക്തിയാണ് ഗാന്ധിജി, ലോകം അദ്ദേഹത്തിന്റെ മാര്‍ഗ്ഗമാണ് പിന്‍ തുടരേണ്ടത്, കാരണം നിരത്തി അക്രമത്തിലേക്ക് തിരിയാതെ നിസഹകരണം കൊണ്ട് തിന്മയെ എതിര്‍ക്കണം “ എന്നാണ് ആല്ബര്ട്ട് ഐന്‍സ്ടീന്‍ ഗാന്ധിജിയെ പറ്റി പറഞ്ഞത്. ഗാന്ധിജിക്ക് അല്ലാതെ മറ്റാര്‍ക്ക് കഴിയും ഇന്ത്യന്‍ ജനതയെ തന്‍റെ മാംസവും ചോരയും ആയി കരുതാന്‍ എന്നാ ടാഗോറിന്റെ വാക്കുകള്‍ കേട്ടാല്‍ മതി ഇന്ത്യ അദേഹത്തിന് എന്തായിരുന്നു എന്നറിയാന്‍.

ലോകം നന്മയുടെ ഗാന്ധി വഴികള്‍ തേടുമ്പോള്‍ ഇന്ത്യ അവയെ വിസ്മൃതിയുടെ വിഴുപ്പു കെട്ടില്‍ മാറ്റി വയ്ക്കുവാന്‍ നോക്കുന്നു. അറിഞ്ഞോ അല്ലാതെയോ അതിനു നേരെ കണ്ണടച്ചു നാം സ്വയം വിഡ്ഢികള്‍ ആവാന്‍ ശ്രമിക്കുന്നു. വളരുന്ന തലമുറയ്ക്ക് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ചൊല്ലി കൊടുത്ത് എങ്ങനെയും ഒരു നല്ല മാര്‍ഗ്ഗം നമുക്ക് മുന്നില്‍ ഉണ്ട് എന്ന് കാട്ടികൊടുക്കാന്‍ നമുക്ക് നാണം ആണെന്ന് തോന്നുന്നു.

അക്രമം, കൊല, ബലാല്‍സംഗം, കൊള്ള, അഴിമതി, ജാതി മത കലാപം എന്ന് കേല്പ്പിക്കാ തെ സഹനം, സത്യം, നന്മ, എളിമ, അക്രമ രാഹിത്യം, അനുകമ്പ, ഗ്രാമീണത എന്നീ വാക്കുകള്‍ കേള്‍ക്കാന്‍ പുതിയ തലമുറയ്ക്ക് ആവട്ടെ എന്ന് നമുക്ക് ആശിക്കാം

ഗാന്ധിയിസം  ഒരു ദിനചര്യ ആയില്ല എങ്കിലും ഒരു ദിവസത്തിന്റെ കുറെ നിമിഷങ്ങള്‍ അതിനായി മാറ്റി വെക്കാന്‍ ഓരോ ഇന്ത്യനും പറ്റിയാല്‍ അത് കണ്ടു കുറച്ചു കുഞ്ഞുങ്ങള്‍ പഠിച്ചാല്‍ ആ ആത്മാവ് ധന്യമാകും. നമ്മുടെ മൂല്യങ്ങള്‍, നമ്മിലെ തന്നെ നല്ല അംശങ്ങള്‍ ഒരു ഉണര്‍വിനു വേണ്ടി ഗാന്ധിയന്‍ തോട്സ് ഉപയോഗിച്ചാല്‍ അതില്‍ തെറ്റുണ്ടോ?

ഒരു വിപ്ലവ മാറ്റം കൊണ്ട് വന്നു വിജയം നമുക്ക് കാട്ടി തന്നു  നാം മഹാത്മാവ് എന്ന് മനസ്സ് കൊണ്ട് വിളിക്കുന്ന ആ വിചാര ധാരയെ ആയിരം തിരിയിട്ട് ദീപ്തമാക്കി നിര്‍ത്താം.
ജീവിതത്തിലെ ഒരു കാര്യത്തില്‍ എങ്കിലും ആ മാര്‍ഗ്ഗത്തിന്റെ ഒരു വഴിത്താര നമുക്കും പിന്തുടരാം…..ഇതാവട്ടെ ബാപ്പുവിന്റെ ഈ ജന്മദിനത്തില്‍ നമുക്ക് എടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ തീരുമാനം..