മലരും കാഞ്ചനയും മലയാളിയും

0
വളരെ രസകരമാണ് നമ്മള്‍ മലയാളികളുടെ കാര്യം, പ്രേമം സിനിമയിറങ്ങിയപ്പോള്‍ മലരേ എന്ന പാട്ടും പാടി പ്രേമം വിതക്കാന്‍ ഇറങ്ങിയ നമ്മള്‍, എന്ന് നിന്‍റെ മോയ്ദീന്‍ വന്നപ്പോള്‍ കാഞ്ചനമാലയുടെ പ്രേമമാണ് യഥാര്‍ത്ഥപ്രേമം എന്ന് പറഞ്ഞു നടക്കുന്നു. മലരിനെ ചീത്ത പറയുന്നു.
കുറച്ചു കൂടി തീവ്രതയുള്ള ചില കൂട്ടരുണ്ട്, ഒന്നുകില്‍ അങ്ങേയറ്റം അല്ലെങ്കില്‍ ഇങ്ങേയറ്റം, പ്രേമം സിനിമ പത്തിലധികം തവണ കാണാന്‍ നടന്നു, കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ഉടുത്ത് നടന്നു, എന്ന് നിന്‍റെ മോയ്ദീന്‍ കണ്ടതിനു ശേഷം മലരൊക്കെ ‘എന്തു മലര്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റുകള്‍ വാരിയെറിയുന്നു. സിനിമകളെ കുറിച്ചു യാതൊരു ബോധ്യമോ കാഴ്ചപ്പാടോ ഇല്ലാതെ ശൂന്യതയിലേക്ക് കല്ലെറിയുന്നു. ഓരോ പ്രണയത്തിനും അതിന്‍റെതായ ഭാഷയും ആകൃതിയും രീതിയും ഉണ്ട്, പ്രേക്ഷകന്‍റെ ഇഷ്ടത്തിനല്ല കഥാപാത്രങ്ങള്‍ പെരുമാറുക. സിനിമ കാണുക, സിനിമയെ സിനിമയായി കാണുക, വിലയിരുത്തുക.
അടുത്തകൂട്ടര്‍ കടുത്ത മതഭ്രാന്തന്മാരാണ്, സിനിമയായാലും ജീവിതമായാലും മതം പുരട്ടിയില്ലെങ്കില്‍ ഇവര്‍ക്ക് സമാധാനമാകില്ല. ഇവര്‍ക്ക് കാഞ്ചനമാല ഒരു മതക്കാരിയും മോയിദീന്‍ വേറെ മതക്കാരനും ആണ്. മനുഷ്യര്‍ അല്ല. സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ പെരുകുമോ എന്നാണു ഇവരുടെ ഭയം. ആയിഷാ-വിനോദിനെയും ക്ലാര-ജയകൃഷ്ണനെയും വെള്ളിത്തിരയില്‍ കണ്ടിട്ടും മലയാളിക്കും ഒന്നും സംഭവിച്ചില്ലെങ്കില്‍ കാഞ്ചനമാല-മോയ്ദീനെ കണ്ടാലും ഇവിടെ ഒരു ‘പുല്ലും’ സംഭവിക്കില്ല.
നാലാമത്തെ കൂട്ടര്‍ കുറെ രാഷ്ട്രീയക്കാരാണ്. സിനിമയെക്കുറിച്ചോ കലയെക്കുറിച്ചോ പേര്‍ളിയും ജിപിയും പറയും പോലെ ഒരു മാങ്ങാത്തൊലി-തേങ്ങാക്കൊലയും അറിയില്ല. നായകന്‍ കമ്മ്യൂണിസ്റ്റ് ആണോ കോണ്‍ഗ്രസ്സ് ആണോ എന്നാണു ഇവരുടെ പ്രധാനപ്രശ്നം. ഫെയിസ്ബൂക്കില്‍ മുഴുവന്‍ നടന്നു തല്ലു കൊടുക്കുകയും, അതിന്‍റെ ഇരട്ടി തല്ലു തിരിച്ചു വാങ്ങുകയും ചെയ്യുകയാണ് ഇവരുടെ പ്രധാനഹോബി.ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമായ ജനപ്രതിനിധിയായ ഒരു അഭിനവ സതീശന്‍ കഞ്ഞിക്കുഴിയും. ഇവര്‍ക്കുള്ള ഉത്തരവും മുകളില്‍ ഉള്ളത് തന്നെ രാഷ്ട്രീയക്കാരന്‍റെ ഇഷ്ടത്തിനല്ല കഥാപാത്രങ്ങള്‍ പെരുമാറുക. സിനിമ കാണുക, സിനിമയെ സിനിമയായി കാണുക, വിലയിരുത്തുക.
 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.