വാര്‍ദ്ധക്യകാല മറവി തടയാനാകുമെന്ന്‍ NUS പഠനം

0
മറവിയെ മറി കടക്കാന്‍: നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) അസിസ്റ്റന്റ് പ്രൊഫസര്‍ സജികുമാര്‍ ശ്രീധരന്‍ (വലത്ത്), അദ്ദേഹത്തിന്‍റെ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളായ മഹിമ, മഹേഷും എന്നിവരോടൊപ്പം

ചില മുഖങ്ങള്‍ എവിടെയോ കണ്ടു മറന്നത് പോലെ, ചിലരുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക തുടങ്ങി പല കാര്യങ്ങളും മറന്നു പോകുന്നതാണ് വാര്‍ദ്ധക്യ കാലത്തെ വലിയൊരു ശാപം. എങ്കിലിതാ ആശ്വാസ്യകരമായൊരു വാര്‍ത്ത. നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) അസിസ്റ്റന്റ് പ്രൊഫസറും, മലയാളിയുമായ സജികുമാര്‍ ശ്രീധരനും, അദ്ദേഹത്തിന്‍റെ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളായ മഹിമ, മഹേഷും (യോന്‍ഗ് യൂ ലിന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍) ചേര്‍ന്ന് കണ്ടെത്തി കഴിഞ്ഞു വാര്‍ദ്ധക്യകാലത്ത് ഓര്‍മ്മക്കുറവ് ഉണ്ടാകുന്നതിനുള്ള കാരണം, മാത്രമല്ല മറവിയെ മറി കടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് സംഘം ഇപ്പോള്‍.

1.5 kg വരെയുള്ള ബ്രെയിന്‍ ആണ് മനുഷ്യനെ ചിന്തിക്കാന്‍, ഓര്‍മ്മിക്കാന്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും സഹായിക്കുന്നത്. എങ്കിലും പ്രായം കൂടി വരുമ്പോള്‍ ഓര്‍മ്മ ശക്തി കുറഞ്ഞു കുറഞ്ഞു വരും. അതില്‍ പ്രധാനമായൊരു കാര്യമാണ് HDAC യും, ഓര്‍മ്മക്കുറവും തമ്മിലുള്ള ബന്ധം. HDAC (ഹിസ്റ്റോണ്‍ ഡിസെറ്റൈലേസ്) , HAT (ഹിസ്റ്റോണ്‍ അസിറ്റൈല്‍ ട്രാന്‍സ്ഫെറെസ്) എന്‍സൈമുകള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് വയസ്സാകുമ്പോള്‍ ഓര്‍മ്മ ശക്തി കുറയുന്നതിനു കാരണമാകുന്നതെന്ന് പ്രൊഫസര്‍ സജികുമാര്‍ വ്യക്തമാക്കി.

ഈ അസന്തുലിതാവസ്ഥയും, ഓര്‍മ്മ ശക്തിയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കി ഓര്‍മ്മക്കുറവിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം. HDAC എന്‍സൈമായ HDAC3  കൂടുന്നത് കുറയ്ക്കാനാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ RGFP 966 എന്ന മരുന്നുപയോഗിച്ച് ഇവര്‍ തെളിയിച്ചിരുന്നു. എലികളില്‍ പരീക്ഷിച്ച ഈ മരുന്ന് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നുവെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ഓര്‍മ്മകള്‍ പലപ്പോഴും നിലനില്‍ക്കുന്നത് മറ്റു പ്രധാന കാര്യങ്ങളുമായി കൂടി ചേര്‍ന്നാകാം. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഈ ചികിത്സാരീതി വാര്‍ദ്ധക്യകാല മറവിയ്ക്കു പ്രതിവിധിയാകാം

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.