ക്വാറന്റൈന്‍ രണ്ടാഴ്ച പോരെന്ന് പഠനം; 14 ദിവസത്തിനു ശേഷവും ചിലര്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നു

0

വാഷിങ്ടൺ: കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും രണ്ടാഴ്ച മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ പോരെന്ന് ഏറ്റവും പുതിയ പഠനം. കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വിവിധ രാജ്യങ്ങൾ പിന്തുടരുന്ന ക്വാറന്റൈൻ മാതൃകയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പഴുതടച്ചതല്ലെന്ന് തെളിയിക്കുന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

ജനുവരി 20നും ഫെബ്രുവരി 12നുമിടയില്‍ 175 കേസുകള്‍ പഠിച്ചാണ് പുതിയ നിഗമനത്തിലെത്തിയത്. പഠനത്തിന് പരിഗണിച്ചവരുടെ ശരാശരി പ്രായം 41.2 വയസ്സാണ്. ചൈനയിലേക്ക് യാത്രപോയ ഒരു സംഘം ആളുകളുടെയും അവരില്‍ നിന്ന് രോഗം പകര്‍ന്ന മറ്റ് ആളുകളെയും നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്.

യാത്ര ചെയ്ത സംഘത്തിലെയും അവരില്‍ നിന്ന് രോഗം പകര്‍ന്നവരുടെയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായിരുന്നു. ഇരു സംഘങ്ങളിലെയും ഏകദേശം 81 ശതമാനം പേരും പനി ലക്ഷണങ്ങളും 40നും 44 ശതമാനത്തിനുമിടയിലുള്ളവര്‍ ചുമ ലക്ഷണങ്ങളും കാണിച്ചു. ചൈനയിലേക്ക് യാത്ര ചെയ്ത സംഘത്തിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി ഏറ്റവും ചുരുങ്ങിയത് ഒരു ദിവസത്തിനും 3.8 ദിവസത്തിനുമിടയിലായിരുന്നു.

അതായത് 95% പേരും ഈ ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍ യാത്ര ചെയ്യാതെ രോഗം ബാധിച്ചവരുടെ ഇന്‍ക്യുബേഷന്‍ പിരീഡ് 12.1 ദിവസത്തിനും 17.1 ദിവസത്തിനും ഇടയിലായിരുന്നു. ശരാശരി 14.6 ദിവസം. അതായത് ചില രോഗികളിലെങ്കിലും രോഗലക്ഷണങ്ങള്‍ 14 ദിവസത്തിനു ശേഷവും കാണിക്കാം എന്നാണ് പുതിയ പഠനം വെളിവാക്കുന്നത്.

14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പീരീഡാണ് ഇപ്പോള്‍ വിവിധ സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. നിലവിലെ സര്‍ക്കാരുകളെല്ലാം 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തെ പഴുതടച്ച രീതിയില്‍ തടുക്കാന്‍ 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് പര്യാപ്തമല്ല എന്നാണ് പുതിയ പഠനം വെളിവാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.