‘ആമിനത്താത്തേടെ പൊന്നുമോളാണ്…’ ട്രംപിന്റെ വൈറലായ മാപ്പിളപ്പാട്ടിനു പിന്നില്‍ ഈ ചങ്ങനാശേരിക്കാരനാണ്

0

ആമിനതാത്താടെ പൊന്നുമോളാണ്​, നാട്ടില്​ ചേലുള്ള പെണ്ണാണ്​…ഇത് മ്മടെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പാടിയാൽ എങ്ങനെയിരിക്കും…പാടുകമാത്രമല്ല ഇതു കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കയ്യടിക്കുകയും ട്രംപിന്റെ ഭാര്യ മതിമറക്കുകയും ചെയ്തു. ട്രംപിനെക്കൊണ്ട് ഇങ്ങനെ പാട്ടുപാടിച്ചത് ആരാണെന്നറിയണ്ടേ ആശങ്കയുടെ കൊറോണകാലത്തും ചങ്ങനാശേരിക്കാരൻ അജ്​മൻ സാബു ഒരുക്കിയ കിടിലൻ വിഡിയോയായിരുന്നു അത്.

ഒരുപക്ഷെ കോവിഡിനെ തുരത്താനുള്ള കഷ്ടപ്പാടിൽ പടനയിക്കുന്ന സാക്ഷാൽ ട്രംപുപോലും അറിഞ്ഞുകാണില്ല കൊറോണ ഭീതിയിൽ ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം തൊടുത്തുവിട്ടത് ട്രംപിന്റെ ഈ മാപ്പിള പാട്ടാണെന്ന്.

വിഡിയോ കണ്ടാൽ താൻ തന്നെയാണോ ഈ പാട്ടുപാടിയതെന്ന് ഒരുപക്ഷെ ട്രംപുപോലും ഒരു നിമിഷം സംശയിച്ചുപോകും. കാരണം ചുണ്ടനക്കവും ഭാവങ്ങളും അത്രമേൽ കൃത്യമായിട്ടാണ് വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഈ വീഡിയോ ഏറെ വൈറലായിട്ടുണ്ട്.

യുട്യൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായ ഈ ചെറിയ പാട്ടുസീൻ വെട്ടിക്കൂട്ടിയ അജ്​മൽ സാബുവിന്​ ഇത്​ വമ്പൻ ഹിറ്റായതിൽ അതി​ശയമൊന്നുമില്ല. ​കാരണം ചെയ്​ത വിഡിയോകളെല്ലാം ഒന്നിനൊന്ന്​ വൈറലായിരുന്നു. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനും ജോക്കറിനെ മണവാളനും സ്പൈഡർമാനെ മംഗലശ്ശേരി നീലകണ്ടനുമൊക്കെ ആക്കിയ അജ്മലിന്റെ വിഡിയോകൾ സോഷ്യൽ ലോകത്ത് മുൻപും തരംഗം തീർത്തിട്ടുണ്ട്. കൂട്ടത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ട്രംപിന്റെ മാപ്പിളപ്പാട്ട്. ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശനത്തിന് എത്തിയ ഡോണൾഡ് ട്രംപ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഹണിബീ 2.5 എന്ന സിനിമയ്ക്കു വേണ്ടി റീമിക്സ് ചെയ്ത്, ലാൽ ആലപിച്ച ‘ആമിന താത്താടെ പൊന്നു മോളാണ്’ എന്ന പാട്ട് ഒപ്പം ചേർന്നതോടെ ട്രംപ് ഹിറ്റ് ഗായകനായി.

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്ററാണ് ചങ്ങനാശ്ശേരിക്കാരനായ അജ്മല്‍ സാബു. സഹ സംവിധായകന്‍, കാമറമാന്‍ എന്നിങ്ങനെ നീളുന്നു അജ്മലിന്റെ പ്രൊഫഷന്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്.