ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു; രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധിയെന്ന് യുഎന്‍

0

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. 8,36,894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 1,74,502 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. എട്ടു ലക്ഷത്തിൽ അധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. 1.72 ലക്ഷം പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടി. 11,591 ആളുകൾ മരിച്ച ഇറ്റലിയിലാണ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച മാത്രം യുഎസില്‍ 800 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. ചൈനയില്‍ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്‌. മരണനിരക്കില്‍ ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോള്‍ യുഎസ്.

വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖബാധിതര്‍ വൈദ്യസഹായം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.

റഷ്യയില്‍ രോഗം വ്യാപിച്ച് തുടങ്ങിയതോടെ മോസ്‌കോ നഗരം അടച്ചു. നൈജീരിയയിലെ പല പ്രദേശങ്ങളും പൂര്‍ണ ലോക്ക് ഡൗണിലാണ്. സഹായിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിരീക്ഷണത്തിലായി. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ രോഗമുക്തനായി. രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സഹായിക്കും ലക്ഷണങ്ങള്‍ കണ്ടു. വിദേശ രാജ്യങ്ങളില്‍പ്പെട്ടുപോയ നാട്ടുകാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.

വൈറസ് ബാധയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും അവിടുത്തെ ഏറ്റവും ദരിദ്രരായ മനുഷ്യരെ പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ ദരിദ്രര്‍ക്ക് ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടഡ്രോസ് അഥനോം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 നെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.