ഡോ.ഓമന ഗംഗാധരന്‍റെ ‘അരയാലിന്‍റെ ഇലകള്‍’ മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്

0

ലണ്ടന്‍: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍, ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകലുകളും, നിരവധി ചെറുകഥകളും, ഏതാനും കവിതകളും മലയാള ഭാഷക്ക് തന്‍റെ ശക്തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ.ഓമന ഗംഗാധരന്‍  മറ്റൊരു കരുത്തുറ്റ നോവലിന് പിറവി നല്‍കിക്കൊണ്ട്  മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന പേരില്‍ തന്‍റെ നോവല്‍  സിനിമയായി ആസ്വാദകര്‍ നെഞ്ചിലേറ്റുകയും, അതിലെ ഒഎന്‍വി സാറിന്‍റെ ‘നെറ്റിയില്‍ ചിറകുള്ള സ്വര്‍ണ്ണ നിറമുള്ള..’ എന്നു തുടങ്ങുന്ന ഗാനം ദേശീയ അവാര്‍ഡ് നേടി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ചെറിയ സാങ്കേതിക തടസ്സങ്ങള്‍ നിമിത്തമാണ് ‘ഇലപൊഴിയും കാലം’ അഭ്രപാളിയില്‍ പതിയാതെ പോയത്.

തന്‍റെ ജന്മ ഭൂവില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ദേശീയ വൃക്ഷമായ അരയാലിന്‍റെ ഇലകള്‍ക്കു കീഴില്‍ ശൈശവ കാലം മുതല്‍ ഏതോ ആകര്‍ഷണം പോലെ ശാന്തതയുടെയും, സമാധാനത്തിന്‍റെയും,ഉള്‍ക്കുളിരിന്‍റെയും സുഖം നുണഞ്ഞു വിശ്രമം തേടാറുള്ള ഇരിപ്പിടം ഇന്ന് സഞ്ചാരികളുടെ പെരുവഴിയായി അമര്‍ന്നപ്പോള്‍,സ്വന്തം ആത്മ നൊമ്പരങ്ങള്‍ അക്ഷരങ്ങളായി ഉതിര്‍ന്നു വീഴുകയാണ് ‘അരയാലിന്‍റെ ഇലകളി’ലൂടെ. പ്രവാസ ലോകത്തു പലപ്പോഴും  ശിഥിലങ്ങളാകുന്ന കുടുംബ ജീവിതങ്ങള്‍ കഥയുടെ ഇടത്താവളങ്ങളില്‍  നേര്‍ക്കാഴ്ചകളുടെ രോദനങ്ങളായി പലപ്പോഴും തളം കെട്ടിക്കിടക്കുന്നത് വായനക്കാര്‍ക്കു പുനര്‍ വിചിന്തനത്തിനു വകനല്‍കുന്നു. എഴുത്തുകാരിയുടെ പതിവ് ശൈലിയില്‍ ഒട്ടും ഭിന്നമല്ലാതെ ഒരു വൈജ്ഞാനിക നിധിയിലേക്കാണ് വായനക്കാരെ ‘അരയാലിന്‍റെ ഇലകള്‍ ‘ കൂട്ടിക്കൊണ്ടു പോവുക.

ആര്‍ഷഭാരത സംസ്കാരം നേരില്‍  മനസ്സിലാക്കി ‘നന്ദിനിക്കുട്ടി’ എന്ന കഥാപാത്രത്തിന് തൂലികയിലൂടെ സ്വഭാവത്തില്‍ നിറം ചാര്‍ക്കുവാന്‍ നോവലിസ്റ്റ് ഡല്‍ഹിയിലെ മുഗളര്‍ കീഴടക്കിയ പുരാണ ഖില അടക്കം പല സാസ്കാരിക കേന്ദ്രങ്ങളും ഇതിനായി തന്നെ സന്ദര്‍ശിച്ചിരുന്നുവത്രേ.പണ്ട് പാണ്ഡവരുടെ രാജധാനിയായിരുന്നു ഈ കോട്ട. കുരുക്ഷേത്രത്തിലും, ഋഷികേശിലും,ഹരിദ്വാറിലും കൂടാതെ ഭാരതീയന്‍റെ ആദി സംസ്കാരമായ ഗംഗയും യമുനയും,കൃഷണ ലീലയുടെ കേദാര ഭൂമിയായ വൃന്ദാവനം ഒക്കെ ഭഗവത് ഗീതയുടെ പൊരുള്‍ തേടി ലേഖിക ചുറ്റി നടന്നു കണ്ടു മനസ്സിലാക്കിയെന്നത് കഥയും ലേഖികയുമായ ആത്‌മ ബന്ധം ആണ് തുറന്നു കാണിക്കുക. ദില്ലി,മഹാരാഷ്ട്ര ,ഉത്തരാഞ്ചല്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഭഗവത് ഗീത തന്നില്‍ വളര്‍ത്തിയ ജിജ്ഞാസയുടെ ഉറവിട കേദാരം തേടി നടന്ന ലേഖിക വിശുദ്ധിയുടെ നിറവുള്ള കൂവളം,മറ്റു ഹിമാലയന്‍ മരങ്ങളായ ദേവതാരു,പൈന്‍ എന്നിവയും നേരില്‍ കാണുവാന്‍ അവസരം സൃഷ്‌ടിച്ചു എന്നത് നോവലിനായുള്ള തന്‍റെ തികഞ്ഞ ആല്മാര്‍പ്പണം മാത്രം. ആധുനിക ലോകം കണ്ട പുരാണ ഋഷികേശരില്‍ ഗുരുവും, വിജ്ഞാനത്തില്‍ അമാനുഷിക പാണ്ഡിത്യവും ഉള്ള  ഗുരു നിത്യ ചൈതന്യയതി ഈ നോവലിന്‍റെ ആല്മാവും വഴികാട്ടിയും ആണെന്ന് തന്നെ പറയുന്നതില്‍ തെറ്റില്ല.

ലണ്ടനിലെ ന്യുഹാം കോര്‍പ്പറേഷന്‍ മുന്‍ സിവിക്ക് മേയര്‍,ഡെപ്യുട്ടി സിവിക്ക്‌ മേയര്‍, നീണ്ടകാലം കൗൺസിലര്‍,ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് മുന്‍ നോൺ എക്സിക്യൂട്ടീവ് ഡയറക്ടര്‍,മെന്റല്‍ ഹെല്‍ത്ത് ആക്ട് മാനേജര്‍ തുടങ്ങിയ പദവികള്‍ അലങ്കരിക്കുകയും,യു കെ പ്രവാസി ലോകത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായും, ശ്രദ്ധിക്കപ്പെട്ട സാഹിത്യകാരിയുമായും തിളങ്ങിയ ഡോ.ഓമന ഗംഗാധരന്‍ തന്‍റെ പ്രഥമ നോവലായ ‘ആയിരം ശിവ രാത്രികളുടെ’ 32 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് പ്രശസ്തിയിലേക്ക് കുതിച്ചുയരുന്ന ‘അരയാലിന്‍റെ ഇലകള്‍’ എന്ന നോവല്‍ പൂര്‍ത്തിയാക്കുന്നത്.

ജന്മ ഭൂമിയായ ചങ്ങനാശ്ശേരിയില്‍ സാമൂഹ്യ-വികസന മേഖലകളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യവസായ പ്രമുഖനായിരുന്ന പിതാവ് ശ്രീ അയ്യപ്പന്‍ കോൺട്രാക്ടരുടെ പഴയ വ്യവസായ കേന്ദ്രം നില നിന്നിരുന്ന ഇപ്പോഴത്തെ നമ്പര്‍ 2 ബസ്സ്റ്റാന്ടില്‍ വെച്ചു സീ എഫ് തോമസ്‌ എംഎല്‍എ “അരയാലിന്‍റെ ഇലകളുടെ” പ്രകാശന  കര്‍മ്മം നിര്‍വ്വഹിച്ചു.ഡോ.ഓമനയുടെ അമ്മാവന്‍റെ മകനും ആലപ്പുഴ സ്പിന്നിങ് മില്‍ ചെയര്‍മാനും കോൺഗ്രസ്സ് നേതാവുമായ അഡ്വ.ബാബുരാജ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. ഡോ.ഓമനയുടെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകനും, ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജ്  മുന്‍ പ്രിന്സിപ്പലും ആയിരുന്ന ഡോ.അപ്പുക്കുട്ടന് പ്രഥമ കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞത് ഏറെ വികാരനിര്‍ഭരമായ അനുഗ്രഹീത നിമിഷം സമ്മാനിച്ചു എന്ന് നോവലിസ്റ്റ് പ്രത്യേകം എടുത്തു പറഞ്ഞു.

തന്‍റെ സ്വദസിദ്ധവും സമ്പുഷ്ടവുമായ ഭാഷാമികവില്‍, കാവ്യ ഭംഗിയോടെ,ഏഴു ഭൂഖണ്ടങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍,ഓര്‍മ്മകളുടെ സുവര്‍ണ്ണ ചെപ്പ് തുറന്നു പ്രവാസത്തില്‍ നിന്നും പ്രവാസത്തിലേക്കുള്ള ജീവിത നേര്‍ക്കാഴ്ച്ചയായി നമ്മില്‍ ഒരുവളായി ‘നന്ദിനിക്കുട്ടി’ മാറുന്ന അനുഭവവേദ്യമായ അതുല്യ നോവലായി ‘അരയാലിന്‍റെ ഇലകള്‍’ വായനാക്കാര്‍ക്ക് തീര്‍ത്തും ആസ്വദിക്കാം.

പ്രവാസ ജീവിതത്തില്‍ സ്വന്തമായി എല്ലാവരും ഉണ്ടെങ്കിലും, അനുഗ്രഹങ്ങളുടെ പറുദീശായില്‍ ഏകാന്ത പഥികയായി മാറുന്ന ‘നന്ദിനിക്കുട്ടി’ എന്ന അമേരിക്കന്‍ പ്രവാസിയുടെ സുഖ-ദുംഖ സമ്മിശ്ര ജീവിത മുഹൂര്‍ത്തങ്ങള്‍ കണ്മുമ്പില്‍ കണ്ടു മറഞ്ഞ ഒരു അഭ്രപാളിപോലെ  ഓരോ പ്രവാസിയുടെയും ഹൃദയത്തിന്‍റെ അകത്തളത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ഒരു നോവ് നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ തീര്‍ച്ചയായും അനുഭവപ്പെടും.

വിവാഹിതയായി അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും, സമ്പന്നതയുടെയും ആര്‍ഭാടത്തിന്‍റെയും തിരക്കേറിയ കുടുംബ ജീവിതത്തിനടയിലും, പിറന്ന മണ്ണും, ബന്ധങ്ങളും, കളിക്കൂട്ടുകാരും, ആരെയും മറക്കാതെ,വളര്‍ന്നു വന്ന പാഥകള്‍, ഊട്ടി വളര്‍ത്തിയ ബന്ധുക്കള്‍, സാരോപദേശങ്ങള്‍ നല്‍കിയ അദ്ധ്യാപകര്‍, ഭാഷാ  പോഷണവും സാഹിത്യാഭിരുചിയും, സംഘാടക പാഠവവും സ്വയം ആര്‍ജ്ജിച്ച ‘നന്ദിനിക്കുട്ടി’യെന്ന ശക്തമായ ഒരു കഥാപാത്രം കേന്ദ്രീകരിച്ച് കുടുംബത്തെയും,നാടിനെയും,വേദങ്ങളെയും, ശാസ്ത്രത്തെയും, കലകളെയും, പ്രകൃതിയേയും, ഭൂഖണ്ടങ്ങളെയും, വിവിധ ശക്തമായ കഥാ പാത്രങ്ങളിലൂടെ കോര്‍ത്തിണക്കി രചിക്കപ്പെട്ട ഈ നോവല്‍ തികച്ചും വ്യത്യസ്തയും,മേന്മയും പുലര്‍ത്തുന്നു എന്നു നിശ്ശശയം പറയാം.

താളിയോലകളില്‍ തുടങ്ങി ഡിജിറ്റല്‍ യുഗം വരെയും,രാജ്യ സ്നേഹികളായ ജനകീയ സേവകരില്‍ നിന്നും, വര്‍ഗ്ഗീയതയുടെയും,അഴിമതിയുടെയും കറപുരണ്ട രാഷ്ട്രീയ അപചയത്തിലേക്ക് കൂപ്പു കുത്തിയ കാലഘട്ടം വരെയും, അനുഗ്രഹീതമായ പരിസ്ഥിതിയെ നശിപ്പിച്ചവര്‍ ഇന്ന് പ്രകൃതിയില്‍ നിന്നും ശിക്ഷ ഏറ്റു വാങ്ങുന്ന ദുര്‍ഗ്ഗതിവരെയും, പാരമ്പര്യ സംസ്ക്കാരത്തെ തള്ളി പറഞ്ഞവര്‍ നന്മയും, ശക്തിയും മനസ്സിലാക്കി തങ്ങളുടെ ആര്‍ഷ സംസ്കാരത്തിലേക്ക് തിരികെയെത്തുന്നതുവരെയും കാലചക്രം ഈ നോവലിലൂടെ മുന്നോട്ടു നീങ്ങുന്നു.

ഓരോ ഖണ്ഡികയും സമ്പുഷ്ടമായ കഥാ തന്തുക്കളാല്‍ കോര്‍ത്തിണക്കി ജീവന്‍ ത്രസിപ്പിക്കുന്ന കഥാ പാത്രങ്ങള്‍ വന്നു പോവുന്ന ‘അരയാലിന്‍റെ ഇലകള്‍’  മലയാള സാഹിത്യ ലോകത്തെ സമസ്ത സൃഷ്ടികള്‍ക്കൊപ്പം ശ്രദ്ധേയം ആവും എന്ന് തീര്‍ച്ച. ലണ്ടനിലെ സ്വഭവനത്തില്‍ ഇരുന്നു നോവല്‍ എഴുതുമ്പോഴും,താനിന്നു വരെ കാണാത്ത അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍,ആമസോണ്‍ വനാന്തരങ്ങള്‍, ഒരിക്കലും ചുറ്റി സഞ്ചരിക്കുവാന്‍ അനുഗ്രഹം ലഭിക്കാതെ പോയ ഏഴു ഭൂഖണ്ഡങ്ങള്‍, തന്നില്‍ തെല്ലും കൌതുകം ഉണര്‍ത്താത്ത സസ്യ ശാസ്ത്രം പോലും എല്ലാം വിശ്വസ്ഥതയോടെ ചിര പരിചിതം പോലെ സവിസ്തരം ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞത് നോവലിസ്റ്റിന്‍റെ ആത്മാര്‍ത്തമായ പഠനവും താല്‍പ്പര്യവും അര്‍പ്പണവും മുതല്‍ക്കൂട്ടാക്കിയ ഭാവനാ ശ്രമം ഒന്നുകൊണ്ട് മാത്രമാണ്.

അമേരിക്കയിലെ ലോങ് അയലിന്റില്‍ വീശുന്ന ചുഴലിക്കാറ്റിന്‍റെ ഭീതിതമായ ചൂളം വിളി വരെയും കാതോര്‍ത്താല്‍ കേള്‍ക്കുമാര്‍ ജീവന്‍ പകരുന്ന തൂലികയാണ് ഈ നോവലിന്‍റെ കരുത്ത്.ആമസോൺ വനാന്തരങ്ങളും, ആന്‍ണ്ടീസ്‌ പര്‍വ്വത നിരകളും,നെയ്‌ഗ്രോ നദിയും പോലെ പലതും നോവലിലെ ശക്തമായ തൂലികയിലൂടെ ജീവന്‍ തുടിക്കുന്ന രചനയും, അതിന്‍റെ വര്‍ണ്ണനക്കായി ചാലിച്ച നിറങ്ങളും അവ കണ്‍മുമ്പില്‍ കാണുന്ന പ്രതീതി വിടര്‍ത്തുന്ന നോവലിസ്റ്റിന്‍റെ ഭാവനാ സൃഷ്‌ടി അതുല്യം തന്നെ.

അക്ഷരങ്ങളുടെ തമ്പുരാക്കന്മാര്‍ ജനിച്ചു വളര്‍ന്ന ചങ്ങനാശ്ശേരിയിലെ താമരശ്ശേരിയില്‍, മനസ്സിലെ അക്ഷരങ്ങള്‍  സ്രാഷ്‌ടാംഗം പ്രണാമം ചെയ്യുമ്പോള്‍ ‘നന്ദിനിക്കുട്ടി’ വായനക്കാരുടെ ഇഷ്‌ട നായിക ആയിക്കഴിഞ്ഞിരിക്കുന്നു. പ്രവാസ  ജീവിതത്തിലെ ഇണയും തുണയും ആയി കാലം ഭരമേല്പിച്ച ‘പ്രഭാകരന്‍’ പക്ഷെ സ്വാര്‍ത്ഥ ലോകത്തെ കഥാ പാത്രമായി മാറി പോയി.ആദ്യ കാലങ്ങളില്‍ നിഴലുപോലെ കൂടെ ഉണ്ടായിരുന്നെങ്കിലും കുടുംബ നാഥന്‍റെ തലത്തില്‍ പരാജയം ആയിപ്പോയ ‘ഭര്‍ത്താവ്‌ പ്രഭാകരന്‍’ വായനക്കാരുടെയിടയില്‍ വേറിട്ട കഥാപാത്രമാവും.മിക്ക കഥകളിലും മികവുറ്റ അമ്മയെ ഹൃദയത്തില്‍ താലോലിക്കുവാന്‍ കൊതിയാവുമാര്‍ പ്രതിഷ്‌ടിക്കാറുള്ള എഴുത്തുകാരി മലയാള ഭാഷാദ്ധ്യാപിക കൂടിയായ സ്വന്തം അമ്മക്കായി കാഴ്ചവെക്കുന്ന സാഹിത്യ സമര്‍പ്പണങ്ങള്‍ ആണോ ഡോ.ഓമനയുടെ സൃഷ്‌ടികള്‍ എന്നു തോന്നിപ്പോവുന്നതില്‍ തീര്‍ത്തും അതിശയോക്തിയില്ല.ബാല്യത്തിലെ സംരക്ഷകനും, വികൃതിയും,കളിക്കൂട്ടു കാരനുമായ സഹോദരന്‍ ‘നന്ദന്‍’ നന്നേ ചെറുപ്പത്തില്‍ തന്നെ മരണത്തിനു കീഴടങ്ങുമ്പോള്‍ ഉണ്ടായ വ്യഥ വായനക്കാരിലും ദുംഖം ഉളവാക്കും. പ്രവാസ ലോകത്തു കൈവിട്ടു പോയേക്കാവുന്ന കുടുംബ ബന്ധങ്ങളും, പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്ന മക്കളും പ്രവാസികളുടെ നേര്‍ക്കാഴ്ചയേകുന്നു.പ്രവാസ വിശ്രമ ജീവിതത്തില്‍ ഒത്തുകൂടുവാനായി പുട്ടുകടയില്‍ എത്തുന്ന ‘ന്യുയോര്‍ക്ക് നുണയന്‍ ക്ലബ്ബ്’ നോവലില്‍ ഏറെ ചിരിക്കു വക നല്‍കുന്ന ഘടകംതന്നെ.

ആദിത്യന്‍ എന്ന കാമുകനുമൊരുമിച്ചു   ആയിരം ശിവ രാത്രികള്‍ കണ്ട് കൊതിതീരുവോളം ഒന്നിച്ചു ജീവിക്കണമെന്ന അതീവ പ്രേമദാഹത്തിനിടയില്‍ അകാല മരണം ഉണ്ടാക്കുന്ന വിയോഗം, ലോങ് അയലിന്‍റെ ചുഴലിക്കാറ്റ് പോലെ മനസ്സിനെ  കലുഷിതം ആക്കുന്ന വ്യഥ, നന്ദിനിക്കുട്ടി ഇലഞ്ഞി പൂക്കളേപ്പോലെ പിറക്കി കോര്‍ത്തെടുക്കുന്നു ‘അരയാലിന്‍റെ ഇലകളിലൂടെ’. മനസ്സില്‍ എന്നും ഭക്തിയോടെ വണങ്ങുന്ന ആതിര കാവിലമ്മയെയും, കല്ലോലിപ്പാലം,കൈതോല പാടം തുടങ്ങിയ നല്‍സ്മരണകളുടെ ഇടത്താവളങ്ങളും വിവേകമുള്ളവരേക്കാള്‍ എന്നും  സ്നേഹം മാത്രം പേറി കൂട്ടിനു ഒത്തുണ്ടായിരുന്ന ‘സോന’ എന്ന വളര്‍ത്തു നായയയും കഥയില്‍ പലയിടത്തും പ്രത്യക്ഷപ്പെടുമ്പോള്‍  മനസ്സില്‍ തിളങ്ങുന്ന വികാരങ്ങള്‍ക്കു ആര്‍ദ്രത നേരും.

പ്രവാസ ലോകത്തു വന്ന മറ്റുള്ളവര്‍ക്കു പ്രകാശമാനമായി മാര്‍ഗ്ഗം കാട്ടിത്തരുന്ന ‘നന്ദിനിക്കുട്ടി’ എന്ന കഥാപാത്രം മലയാളികളുടെ മനസ്സില്‍ ചിര പ്രതിഷ്‌ഠ നേടും എന്നു തീര്‍ച്ച. സഞ്ചാരികളുടെയും,ഭക്ത ജനങ്ങളുടെയും, അഗതികളുടെയും ഇടത്താവളമായി  ഇനിയും ഇലകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ അരയാല്‍ അത്താണിയാവട്ടെ എന്നാവും ഓരോ വായനക്കാരന്‍റെയും ഉള്ളില്‍ ഉതിരുന്ന പ്രാര്‍ത്ഥന.

ഭൂലോകത്തുള്ള എല്ലാ സസ്യലതാദികളില്‍ ശ്രേഷ്ടവും,ലോകത്ത് അറിവിന്‍റെ അശ്വത്ഥ മരമായി,പൂക്കള്‍ ഇല്ലാതെ കായ്ക്കുന്ന, വേരുകള്‍ മുകളിലോട്ടും,ശിഖരങ്ങള്‍ താഴോട്ടും വളരുന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അരയാലിനോട് ചെറുപ്പം മുതലേയുള്ള ഭക്തിയും,ചങ്ങാത്തവും,കൌതുകവും, അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയപ്പോഴും പക്ഷെ സൂക്ഷിക്കുന്ന നന്ദിനിക്കുട്ടി തന്‍റെ ആത്മ മിത്രമായ അരയാലിനെ നോക്കിയിരുന്നു ധ്യാനത്തില്‍ മുഴുകി, കൊതി തീരുവോളം അനുഭവിച്ചു തീരാത്ത മക്കളുടെ സ്നേഹവും,കണ്ടിട്ടില്ലാത്ത പേരക്കിടാവിന്‍റെ പാല്‍ പുഞ്ചിരിയും,കൊഞ്ചലും,കളികളും സ്വപ്നം കണ്ടു അഗാതതയില്‍ നിദ്ര പൂണ്ടത് തികച്ചും ആത്മ സംതൃപ്തിയോടെ ആവട്ടെ.

അഞ്ചു വിളക്കിന്‍റെ നാട്ടിലെ ചുറ്റു വട്ടമായ ചങ്ങനാശ്ശേരിയുടെ താമരശ്ശേരിയില്‍ നിന്നും മനസ്സു മടിച്ചു തിരിച്ചു മടങ്ങാനാവാത്ത നന്ദിനിക്കുട്ടി കഥാവസാനത്തിന്‍റെ പൂര്‍ണ്ണത വായനക്കാര്‍ക്കായി മാറ്റിവെക്കുകയാണ്.

‘അരയാലിന്‍റെ ഇലകള്‍’ പ്രസാധനം ചെയ്യുന്നത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ആണ്. നോവലിന്‍റെ പ്രസിദ്ധീകരണം നാഷണല്‍ ബുക്കു സ്റ്റാള്‍ (എന്‍.ബി.എസ്) ഏറ്റെടുത്തു നിര്‍വ്വഹിക്കുന്നത്.  എന്‍.ബി.എസ് ന്‍റെ എല്ലാ സെന്ററുകളിലും കൂടാതെ ഇന്ദുലേഖ.കോം (indulekha.com) ല്‍ ഓൺലൈന്‍ ആയും ‘അരയാലിന്‍റെ ഇലകള്‍’ ലഭ്യമായിരിക്കും.