അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു

0

മുത്തെ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം മലയാളികള്‍ മറന്നാലും അതില്‍ പാടി അഭിനയിച്ച  അരിസ്റ്റോ സുരേഷിനെ ആരും മറക്കില്ല .എബ്രിഡ്  ഷൈന്‍ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിലൂടെ  സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരിസ്റ്റോ സുരേഷ്  വിവാഹിതനാകുന്നു .

സിനിമ വൈകിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്തിയത്. അതുപോലെ ഇതാ ഒരാള്‍ കൂടി അദ്ദേഹത്തിനു കൂട്ടായി എത്തുകയാണ്.തലസ്ഥാനത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് കല്യാണക്കാര്യം പരസ്യമാക്കിയത്.നാൽപ്പത്തിഏഴാം വയസ്സിലാണ് സുരേഷ് വിവാഹിതന്‍ ആകുന്നതു.തിരുവനന്തപുരത്ത്  പോസ്റ്ററൊട്ടിച്ചും ചുമടെടുത്തുമെല്ലാം നടക്കുന്നതിനിടെയിലും ചെറു കവിതകൾ എഴുതിയിരുന്ന സുരേഷ് , അവയ്ക്ക് താളം നൽകി, പാടി കാസ്റ്റുമിറക്കിയിട്ടുണ്ട് . അപ്പോഴൊന്നും മലയാളിയുടെ താരമായി സുരേഷ് മാറിയില്ല. എന്നാൽ ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേ…പൊന്നേ.. പിണങ്ങല്ലേ എന്ന ഗാനം കടന്നു വന്നു. പൊലീസ് സ്‌റ്റേഷനിൽ അരിസ്‌റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പർ ഹിറ്റായി. ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്‌റ്റോ സുരേഷിന്റെ ജീവിതവും മാറി.

അമ്മയും അഞ്ചു സഹോദരിമാരുമുണ്ട് സുരേഷിന് . അവരെയെല്ലാം കല്യാണംകഴിപ്പിച്ചയച്ചു. ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതിന് ശേഷം ഒരുപാട് കല്യാണ ആലോചനകൾ വന്നിരുന്നു എന്ന് സുരേഷ് പറയുന്നു . ഇതിനിടെയാണ് വാട്‌സ് ആപ്പിലൂടെ വധു സുരേഷിനെ തേടിയെത്തിയത്.പണ്ട് ചലച്ചിത്ര മേളയ്‌ക്കെത്തുന്ന സാധനങ്ങൾ സുരേഷും കൂട്ടരും ലോറിയിൽ നിന്ന് ഇറക്കിയിട്ടുണ്ട്. ഇപ്പോൾ ചലിചിത്ര മേളയിലെ വിവിഐപി പ്രതിനിധിയാണ് ഇദ്ദേഹം .

തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്. കുട്ടിക്കാലം മുതൽക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേൽ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സിൽ മൂന്നുവട്ടമിരുന്നപ്പോൾ പഠനത്തോട് വിടപറഞ്ഞു. എസ്.എം.വി സ്‌കൂളിൽനിന്ന് ഇറങ്ങുമ്പോൾ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടർന്നു. ഇതിനോടകം അഞ്ഞൂറിലേറെ പാട്ടുകളെഴുതി താളമിട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോൾ സുരേഷിന്റെ തലവര മാറ്റിയ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാട്ട്. എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലാണ് സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.