എ ആർ റഹ്മാൻ-മണിരത്തിനം-ഈണമൂറിയ കാൽനൂറ്റണ്ട്

0

റോജയിൽ തുടങ്ങി കാട്ര് വെളിയിടെയിൽ എത്തി നിൽക്കുമ്പോൾ പതിമൂന്നോളം ചിത്രങ്ങളും ഇരുപത്തഞ്ചു വർഷത്തെ കൂട്ടുകെട്ടും പൂർത്തിയാക്കുകയാണ് മണിരത്തിനവും എ ആർ റഹ്മാനും. ഈയാഴ്ച കാട്രെ വെളിയിടെയിൽ പുറത്തിറങ്ങാനൊരുങ്ങുകയാണ്. കാൽ നൂറ്റാണ്ടായി തുടരുന്ന ഈ യാത്രയെക്കുറിച്ച്‌ മണിരത്തിനവും റഹ്മാനും സംസാരിക്കുന്നു.

തമിഴ് സിനിമയിൽ 25 വർഷമായി തുടരുന്ന നിങ്ങളുടെ കെമിസ്ട്രിയുടെ രഹസ്യവും ഇത്രയും കാലം ഒരുമിച്ചുള്ള യാത്രാനുഭവവും?
റഹ്മാന്റെ സ്വതസിദ്ധമായ മറുപടി… ആ കാലഘട്ടത്തിൽ സംവിധായകൻ മണിരത്തിനത്തിന്റെ സിനിമകൾ ഞാൻ ധാരാളം കാണുമായിരുന്നു. ആദ്യമായി അദ്ദേഹത്തിന്റെ ചിത്രത്തിനു വേണ്ടി സംഗീതം ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞാൻ എന്നോടു തന്നെ ധാരാളം ചോദ്യങ്ങൾ ചോദിച്ചു. ഏത് തലത്തിൽ ജോലി ചെയ്യേണ്ടി വരും, അദ്ദേഹത്തിന്റെ ആരാധകനായ ഒരാൾക്ക് എത്ര കണ്ട് സംഗീതം നൽകാൻ കഴിയും എന്നൊക്കെ ഞാൻ ആലോചിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പറഞ്ഞു.

സംവിധായകൻ മണിരത്തിനം തന്റെ നരച്ച ഊശാംതാടി തടിവിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി. ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ആ സംഗീതത്തിൽ വ്യത്യസ്തത അനുഭവപ്പെട്ടു. അന്നു തന്നെ ഞാൻ തീരുമാനവും എടുത്തു. അതു പോലെ തന്നെ അദ്ദേഹത്തിന്റെ പുതിയ ചിന്തകൾ എനിക്ക് ഏറെ ആകർഷണീയമായി തോന്നുകയും ചെയ്തു.

പുതിയ ചിന്തകൾ എന്നു പറയുമ്പോൾ നിങ്ങളുടെ കൂട്ടായ്മയിൽ ധാരാളം പ്രണയ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിനു വേണ്ടി എന്തൊക്കെ തയാറെടുപ്പുകളാണ് നിങ്ങൾ നടത്തിയിരുന്നത്?

ഇതിന് മൂന്ന് കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. സമയം, പണം, മികവ്. ഇതെല്ലാം ഞങ്ങൾക്ക് ലഭിച്ചു. അതു തന്നെയാണ് ഈ കൂട്ടായ്മ തുടരാനും കാരണം എന്നു തോന്നുന്നു. അതു പോലെ തന്നെ അഞ്ചു ദിവസത്തിനുള്ള ഒരു പാട്ട് ഉണ്ടാക്കണം എന്ന നിർബന്ധം ഒന്നും പറയാറില്ല. എത്ര മികവോടെ ലക്ഷ്യം കൈവരിക്കാം എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത. റോജയ്ക്കു മുമ്പ് മണിരത്തിനം എന്നെ കാണുമ്പോൾ, അദ്ദേഹം ഇളയരാജയെക്കൊണ്ട് സംഗീതം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും മലയാളവും കന്നഡയും അടക്കമുള്ള പല ഭാഷകളിൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ടെന്നും എന്റെ പക്കൽ നല്ല സംഗീതം ഉണ്ടെന്നും എന്നോട് പറയുകയുണ്ടായി. അപ്പോഴാണ് സംഗീത സംവിധാനത്തെക്കുറിച്ച് ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്.

പിന്നീടുള്ള അഞ്ചു വർഷം തമിഴ് സിനിമാ സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച കാലയളവ് ആയിരുന്നു. കാട്ര് വെളിയിടെ ചിത്രം എങ്ങനെയുണ്ട്?

രണ്ടു പേരും തങ്ങളാൽ കഴിയുന്ന ഏറ്റവും മികച്ചത് നൽകിയെന്ന് ഒരുമിച്ച് പറഞ്ഞു. അതോടൊപ്പം ഇനി ജനങ്ങളാണ് ചിത്രം കൊള്ളേണ്ടതും തള്ളേണ്ടതും എന്നും.

സിനിമാ സംവിധാനത്തിലും സംഗീത സംവിധാനത്തിലും നിങ്ങൾക്കിടയിൽ മത്സരമുണ്ടോ?

വ്യക്തിപരമായി ഞങ്ങൾക്ക് രണ്ടു പേർക്കും മത്സരമോ അസൂയയോ ഇല്ല. സംഗീതം ഒരു കലയാണ്. ചില ചിത്രങ്ങളുടെ വിജയം ഗാനങ്ങൾ കൊണ്ടാണ്. അതു കൊണ്ടാണ് ഏറ്റവും മികച്ചതു നൽകാൻ ഞങ്ങൾ ശ്രമിക്കുന്നത് എന്നു പറഞ്ഞത്.

ഗാന രചയിതാവ് വൈരമുത്തു കടൽ ചിത്രത്തിനുവേണ്ടി ഗാനങ്ങളൊന്നും എഴുതിയില്ലെങ്കിലും അദ്ദേഹത്തിന്റെ കവിതാ പുസ്തകത്തിനു വേണ്ടി സംഗീതം ചെയ്തല്ലോ താങ്കൾ, അതേക്കുറിച്ച്?

നല്ല ക്ഷമാശീലനാണ് അദ്ദേഹം. അതോടൊപ്പം എന്റെ നല്ല സുഹൃത്തും. ടാർഗറ്റ് ആണല്ലോ എല്ലാവരുടേയും ലക്ഷ്യം. അദ്ദേഹത്തിന്റെ ഗാനങ്ങൾ കൊണ്ട് സിനിമയ്ക്കാണ് കൂടുതൽ ഗുണവും മതിപ്പും. ഞങ്ങളുടെ കൂട്ടുകെട്ട് ഞങ്ങൾക്ക് എപ്പോഴും നല്ല അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്. ചില സമയങ്ങളിൽ കയറ്റിറക്കങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുമല്ലോ. ഞങ്ങൾ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കും.

മൂന്നു പേർക്കും വെല്ലുവിളിയായ ഒരു ഗാനം ഉണ്ടോ?
എല്ലാ ഗാനങ്ങളും ഞങ്ങൾക്ക് വെല്ലുവിളി തന്നെയാണ് എന്ന് എ ആർ റഹ്മാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എങ്ങനെയാണ് എപ്പോഴും വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കുന്നത്?
എന്തെങ്കിലും പുതിയത് ചെയ്യണം എന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ട്. പലതും അങ്ങനെ കണ്ടെത്തി ചെയ്യുന്നവയാണ്.

സംഗീത സംവിധായകരെല്ലാം ഇപ്പോൾ അഭിനയിക്കാനും തുടങ്ങിയിരിക്കുന്നു. താങ്കൾ അഭിനയിക്കുന്നില്ലേ?
വയസ്സായില്ലേ… എന്ന് ചെറു ചിരിയോടെ പറഞ്ഞ് എ ആർ റഹ്മാൻ അവസാനിപ്പിച്ചു