ബുറെവി തീരംതൊട്ടു; കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെ

0

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയാണ്‌ ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 12 കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9.0° N അക്ഷാംശത്തിലും 80.8°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയില്‍ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലുമാണ്.

കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. നിലവില്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലിക്കാറ്റുള്ളത്. ഇന്ന് ഉച്ചയോടുകൂടിയോ നാളെ പുലര്‍ച്ചയോടുകൂടിയോ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി (കോമോറിന്‍) മേഖലയില്‍ എത്തും. മൂന്നാം തിയതി ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളി90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ മൂന്നു നാലു തീയതികളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.