തെങ്കാശിക്കടുത്ത് വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചു

0

തെങ്കാശി: തെങ്കാശി വാസുദേവനല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ. നൈനാന്‍, കല്ലുവാതുക്കല്‍ സ്വദേശി സിജു തോമസ്, ശിവകാശി സ്വദേശി രാജശേഖര്‍ എന്നിവരാണ് മരിച്ചത്‌.

ചെന്നൈയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു ബസും വേളാങ്കണ്ണിയില്‍നിന്ന് തീര്‍ഥാടനത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന വണ്ടിയും കൂട്ടിയിടിസിച്ചാണ് അപകടം നടന്നത്.

തീർഥാടക സംഘത്തിന്റെ വാഹനം തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ബസ് ഇടിച്ചത്. കേടായ വാഹനം നീക്കാന്‍ എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖര്‍. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചു. അപകടം നടന്ന ഉടന്‍ വാസുദേവനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ശിവഗിരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന തീർഥാടക സംഘത്തിലെ മറ്റുള്ളവർ വാഹനം കേടായതിനെ തുടർന്ന് നേരത്തെ മറ്റൊരു ഓമ്‌നി ബസ്സില്‍ നാട്ടിലേക്ക് പോയിരുന്നു.